കണ്ണൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഫല പ്രഖ്യാപനം നാളെ വരാനിരിക്കെ സാധ്യതകള്‍ പ്രവചിച്ച് സിപിഐഎം നേതാവ് ബീനീഷ് കോടിയേരി. ആദ്യഘട്ട വോട്ടെണ്ണലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ലീഡ് നേടുമെന്നും എന്നാല്‍ അവസാനഘട്ടത്തിലേയ്ക്ക് വരുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് വ്യക്തമായ ആധിപത്യം സ്ഥാപിക്കുമെന്നും ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. ഏഴ് പഞ്ചായത്തുകളിലേയും നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലേയും എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ലീഡ് നിലകൂടി വിലയിരുത്തിക്കൊണ്ടാണ് ബിനീഷ് സാധ്യത പ്രവചനം നടത്തിയിരിക്കുന്നത്. ആദ്യം വോട്ടെണ്ണല്‍ നടക്കുന്ന വഴിക്കടവ് പഞ്ചായത്തില്‍ യുഡിഎഫ് ലീഡ് ചെയ്യാനാണ് സാധ്യതയെന്ന് ബിനീഷ് പറയുന്നു. അതിന് ശേഷം വോട്ടെണ്ണല്‍ നടക്കുന്ന മൂത്തേടം പഞ്ചായത്തിലും എടക്കര പഞ്ചായത്തിലും യുഡിഎഫ് ലീഡ് നേടും. പിന്നെ വോട്ടെണ്ണല്‍ നടക്കുന്ന പോത്തുകല്ല് മണ്ഡലം എല്‍ഡിഎഫ് ലീഡ് നേടാനാണ് സാധ്യതയെന്ന് ബിനീഷ് പറയുന്നു.
ചുങ്കത്തറ പഞ്ചായത്തില്‍ യുഡിഎഫിന് ചെറിയ ലീഡ് അല്ലെങ്കില്‍ ഒപ്പത്തിനൊപ്പം എന്നതിനാണ് സാധ്യതയെന്നും ബിനീഷ് പറയുന്നു. നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലെ വോട്ട് എണ്ണിത്തുടങ്ങുമ്പോഴേക്കും ഈ ഉപതിരഞ്ഞെടുപ്പിലെ നിര്‍ണായക സമയത്തിലേക്ക് കടക്കും. പന്ത്രണ്ട് റൗണ്ട് വരെ ലീഡ് ചെയ്തുകൊണ്ടിരുന്ന യുഡിഎഫ് നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ വോട്ട് എണ്ണുന്നതോടുകൂടി അവരുടെ ലീഡ് നില കുറയും. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ 209 വോട്ട് എണ്ണി കഴിയുമ്പോള്‍ എല്‍ഡിഎഫ് ചെറിയ ലീഡിലേക്ക് കടക്കാനാണ് സാധ്യതയെന്നും ബിനീഷ് പറയുന്നു. കരുളായി, അമരമ്പലം മണ്ഡലങ്ങളിലെ വോട്ട് കൂടി എണ്ണിക്കഴിയുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് വിജയിക്കുമെന്നും ബിനീഷ് വ്യക്തമാക്കുന്നു. ബിനീഷിന്റെ പ്രവചനത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവും നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്ത പി വി അൻവറോ ബിജെപി നേതാവ് മോഹൻ ജോർജോ ഇല്ല.