പത്തനംതിട്ട : കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കുന്നതിനും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിനും സി.ബി.ഐ അന്വേഷണം വേണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. ക്ഷണിക്കാത്ത യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുത്ത് എ.ഡി.എമ്മിനെതിരെ ക്രൂരമായ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയും അതിന് അവസരം ഒരുക്കിക്കൊടുത്ത കണ്ണൂര്‍ ജില്ലാ കളക്ടറും നവീന്‍ ബാബുവിന്‍റെ മരണത്തിന് ഉത്തരവാദികളാണെന്നും ഇതിനെതിരായി സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പോലീസ് അന്വേഷണം പ്രഹസനമായിരിക്കുമെന്നും അതുകൊണ്ടുതന്നെ വിശ്വാസയോഗ്യമായ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
സി.പി.എം നവീന്‍ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണെന്ന സംസ്ഥാന സെക്രട്ടറിയുടെയും പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെയും പ്രസ്താവനകള്‍ കാപട്യമാണ്. സി.പി.എമ്മിന്‍റെ കണ്ണൂര്‍ നേതൃത്വവും ഡി.വൈ.എഫ്.ഐ നേതാക്കളും പി.പി. ദിവ്യ നടത്തുന്നത് അഴിമതിക്കെതിരായ പോരാട്ടമാണെന്ന് പി.പി ദിവ്യയെ സംരക്ഷിച്ചുകൊണ്ട് പ്രഖ്യാപിച്ചത് ഒരേസമയം ഇരക്കും വേട്ടക്കാരനുമൊപ്പം നില്‍ക്കുന്നതിന്‍റെ ഉദാഹരണമാണെന്നും ഇത് സി.പി.എം നേതാക്കള്‍ കാപട്യത്തിന്‍റെ ആരൂപമാണെന്നതിന്‍റെ വ്യക്തമായ തെളിവാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം ചെയ്തിട്ടും പി.പി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിന് വിധേയമാക്കാതിരിക്കുന്നതും മുഖ്യമന്ത്രി ഇത് സംബന്ധിച്ച് വാ തുറക്കാതിരിക്കുന്നതും വേട്ടക്കാരെ സംരക്ഷിക്കുന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
സത്യസന്ധനും നീതിമാനുമായ ഉദ്യോഗസ്ഥനാണെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തിയ നവീന്‍ ബാബുവിന്‍റെ മരണത്തെ സംബന്ധിച്ച് ദുരൂഹതകള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരപരാധിയായ അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിടുകയോ കൊലപ്പെടുത്തുകയോ പോലും ചെയ്തതാണെന്ന മാധ്യമ വാര്‍ത്തകള്‍ മുഖവിലയ്ക്കെടുക്കുവാനും അതനുസരിച്ച് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്ത് പ്രതികളെ നിയമ നടപടിക്ക് വിധേയമാക്കി അദ്ദേഹത്തിന്‍റെ കുടുംബാങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും അല്ലാത്ത പക്ഷം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും യു.ഡി.എഫിന്‍റെയും നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ നേതൃത്വത്തില്‍ ഡി.സി.സി ഭാരവാഹികളും നേതാക്കളും മരണപ്പെട്ട എ.ഡി.എം നവീന്‍ ബാബുവിന്‍റെ വസതിയിലെത്തി ഭാര്യ മഞ്ജുഷയെയും മക്കളേയും മറ്റ് കുടുംബാങ്ങളേയും സന്ദര്‍ശിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറി എലിസബത്ത് അബു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ദിലീപ് കുമാര്‍ പൊതീപ്പാട്, ജെയിംസ് കീക്കരിക്കാട്, പ്രമോദ് താന്നിമൂട്ടില്‍, ബിജിലാല്‍ ആലുനില്‍ക്കുന്നതില്‍, മീരാന്‍ വടക്കുപുറം, ബെന്നി ഈട്ടിമൂട്ടില്‍, മോനി ജോര്‍ജ് എന്നിവര്‍ ഡി.സി.സി പ്രസിഡന്‍റിനോടൊപ്പമുണ്ടായിരുന്നു.