കോഴിക്കോട് : ഒഞ്ചിയത്ത് പോലീസിന് നേരെ സിപിഐഎം പ്രാദേശിക നേതാവിന്‍റെ ഭീഷണി. സിപിഐഎം ഏരിയാ കമ്മിറ്റി അംഗം ഇ. എം ദയാനന്ദനാണ് ചോമ്പാല പോലീസിനെ ഭീഷണിപ്പെടുത്തിയത്. പുതുവത്സര ആഘോഷത്തിനെതിരായ പോലീസ് നടപടിയാണ് പ്രകോപനത്തിന് കാരണമായത്. ഭീഷണി മുഴക്കുന്ന പ്രസംഗത്തിന്‍റെ വിഡിയോ പുറത്തുവന്നു.
പുതുവത്സര ആഘോഷത്തിനിടെ സിപിഐഎം പ്രവര്‍ത്തകരെ പോലീസ് കൈകാര്യം ചെയ്തിരുന്നു. ഇതിനിടെ ഹേമന്ദ് എന്ന പ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ചുവെന്നാണ് പാര്‍ട്ടിയുടെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സിപിഐഎം നേതാവ് ഭീഷണി മുഴക്കിയത്.
യൂണിഫോം അഴിച്ചുവച്ച് വരാന്‍ പോലീസിനെ ദയാനന്ദന്‍ വെല്ലുവിളിച്ചു. മെയ്യഭ്യാസം പഠിച്ചിട്ടാണ് നില്‍ക്കുന്നതെന്നും കളിക്കാന്‍ നില്‍ക്കരുതെന്നും ദയാനന്ദന്‍ പരസ്യമായി ഭീഷണി ഉയര്‍ത്തി. ഭീഷണി പ്രസംഗത്തിന്‍റെ വിഡിയോ വൈറലായതോടെ സംഭവം വിവാദമായിരിക്കുകയാണ്.