കണ്ണൂര്‍ : കണ്ണൂരില്‍ നടക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചാരണത്തിന്റെ ഭാഗമായി മുച്ചിലോട്ട് ഭഗവതിയുടെ കോലം ജില്ലയിലെ തെരുവുകളില്‍ വ്യാപകമായി പ്രദര്‍ശിപ്പിച്ചിരിക്കുകയാണെന്നും ഇന്ന് പ്രതിഷേധാര്‍ഹമാണെന്നും വാണിയ സമുദായ സമിതി ഭാരവാഹികള്‍ ഇന്ന് കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലബാറിലെ 108 ഓളം വരുന്ന മുച്ചിലോട്ട് കാവുകളിലെ ലക്ഷക്കണക്കിന് വരുന്ന വാണിയ സമുദായംഗങ്ങള്‍ കുലദേവതയായി ആരാധിക്കുന്നതാണ് മുച്ചിലോട്ട് ഭഗവതി.
പൂര്‍ണമായ ആചാര അനുഷ്ഠാനങ്ങളോടെ സംരക്ഷിക്കപ്പെടേണ്ട കുലദേവതയെ പാര്‍ട്ടി പ്രചരണത്തിന്റെ ഭാഗമായി വ്യാപകമായി ഫ്ളക്സ് ബോര്‍ഡുകളിലും മറ്റും വികൃതമായി പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടി കൊടികളോടൊപ്പമാണ് ഇവ തെരുവില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സമുദായംഗങ്ങളില്‍ ഉള്ളത്. ഈ വിഷയം ബന്ധപ്പെട്ടവരെ പലതവണ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് വി വിജയന്‍, സെക്രട്ടറി ഷാജി കുന്നാവ്, ബാബു വാരം, പ്രേമചന്ദന്‍ പങ്കെടുത്തു.