കുഴല്‍മന്ദം : സിപിഎം – പൗരമുന്നണി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കു വെട്ടേറ്റു. പൗരമുന്നണി പ്രവര്‍ത്തകനും കണ്ണനൂരിലെ കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ എന്‍ വിനേഷിനാണു വെട്ടേറ്റത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ കണ്ണനൂരിലെ സൊസൈറ്റി കെട്ടിടത്തിനു മുന്നിലാണ് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
ഏറ്റുമുട്ടലില്‍ കൈക്ക് വെട്ടേറ്റ എന്‍ വിനേഷിനെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ സൊസൈറ്റിയുടെ വാതില്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. സൊസൈറ്റിക്കെതിരെ അഴിമതി ആരോപിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണ വാഹനത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തിയെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകനായ രമേഷിനെ കഴിഞ്ഞ ദിവസം പൗരമുന്നണി പ്രവര്‍ത്തകരായ റിനു, മുകേഷ്, വിനേഷ് എന്നിവര്‍ ആക്രമിച്ചതായി പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
മര്‍ദനമേറ്റ രമേഷ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഉച്ചയോടെ സിപിഎം കണ്ണനൂര്‍ പാര്‍ട്ടി ഓഫിസിലെ കൊടിമരം തകര്‍ക്കാന്‍ ശ്രമമുണ്ടായെന്നും ഇതു പ്രതിരോധിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണു സംഘര്‍ഷമുണ്ടായതെന്നുമാണ് സിപിഎം പറയുന്നത്. പാര്‍ട്ടി ഓഫിസിനു സമീപത്താണു സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. അതിനിടെ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത ഉണ്ടായിട്ടും സ്ഥലത്തുണ്ടായിരുന്ന പോലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്.
കണ്ണനൂരിലെ കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്‍ വിനേഷിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിപ്പരുക്കേല്‍പിച്ചതിലും സൊസൈറ്റി ഓഫിസ് അടിച്ചു തകര്‍ത്തതിലും ഭരണ സമിതി പ്രതിഷേധിച്ചു.