തിരുവനന്തപുരം : ചങ്ങനാശ്ശേരിയില്‍ തട്ടി ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ച വീണ്ടും വഴിമുട്ടി. സീറ്റ് സിപിഐക്ക് നല്‍കാനാവില്ലെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ പിണറായി വിജയനും ചങ്ങാനാശ്ശേരിയില്ലെങ്കില്‍ കാഞ്ഞിരപ്പള്ളി നല്‍കില്ലെന്ന് കാനം രാജേന്ദ്രനും നിലപാട് എടുത്തു. അതിനിടെ ചാലക്കുടികൂടി നേടിയെടുത്ത് കേരള കോണ്‍ഗ്രസ് എം പത്തുസീറ്റ് ഉറപ്പിച്ച് മികച്ച നേട്ടമുണ്ടാക്കുകയാണ്.
ചങ്ങനാശ്ശേരിയെ ചൊല്ലിയുള്ള പ്രതിസന്ധി ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ചയിലും പരിഹരിക്കാന്‍ സിപിഎം സിപിഐ നേതൃത്വങ്ങള്‍ക്കായില്ല. ചങ്ങാനാശ്ശേരി സിപിഐക്ക് നല്‍കാനാവില്ലെന്നും ജോസ് കെ മാണിക്ക് നല്‍കേണ്ടി വരുമെന്നും ചര്‍ച്ചയില്‍ പിണറായി വിജയന്‍ സൂചന നല്‍കി. അത് അംഗീകരിക്കാനാവില്ലെന്നും ചങ്ങാനാശ്ശേരി തന്നില്ലെങ്കില്‍ കാഞ്ഞിരപ്പള്ളിയില്‍ സിപിഐ തന്നെ മല്‍സരിക്കുമെന്ന് കാനം രാജേന്ദ്രനും നിലപാട് എടുത്തു. ജോസ് കെ മാണിയോട് ഒന്നുകൂടി സംസാരിക്കാമെന്ന ധാരണയിലാണ് സിപിഎം – സിപിഐ ചര്‍ച്ച അവസാനിച്ചത്. അതിനിടെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ചാലക്കുടി കൂടി ജോസ് കെ മാണിക്ക് നല്‍കാന്‍ തീരുമാനമായി.
മുന്നണി മാറിവന്ന ജോസ് കെ മാണി പത്തുസീറ്റ് ഉറപ്പിച്ച് മികച്ച സീറ്റ് വിഹിതമാണ് സ്വന്തമാക്കിയത്. പാല, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍, ഇടുക്കി, തൊടുപുഴ, ഇരിക്കൂര്‍, കുറ്റിയൂടി, റാന്നീ എന്നീ സീറ്റുകളും ജോസ് കെ മാണി ഉറപ്പിച്ചിട്ടുണ്ട്. പെരുമ്പാവൂരും ചങ്ങാനാശ്ശേരിയും നേടിയെടുക്കാനുള്ള സമ്മര്‍ദം കേരള കോണ്‍ഗ്രസ് തുടരുകയാണ്. ഒടുവില്‍ പൂഞ്ഞാര്‍ സിപിഐക്ക് വിട്ടുനല്‍കി ചങ്ങാനാശ്ശേരി ജോസ് എറ്റെടുക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്.