തിരുവനന്തപുരം : സഹകരണ സംഘങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് സിപിഎം നിര്‍ദേശം. സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ വ്യാപകമായി അഴിമതിയുണ്ടെന്ന് ആരോപണം ഉയരുകയും ചില സഹകരണ സംഘങ്ങളിൽനിന്ന് ക്രമക്കേടുകൾ പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് സിപിഎം നീക്കം.
സഹകരണ മേഖലയില്‍ വഴിവിട്ട നീക്കം നടക്കുന്നതായും നിക്ഷിപ്ത താല്‍പര്യക്കാര്‍ അഴിമതി കാട്ടുന്നുവെന്നും സിപിഎമ്മിന്റെ നിർദേശത്തിൽ പറയുന്നു. കഴിഞ്ഞ മാസം പുറത്തിറക്കിയ പാർട്ടി കത്തിൽ സെപ്റ്റംബർ 20നു മുൻപായി ജില്ലാ ഘടകങ്ങൾ സഹകരണ സംഘങ്ങളെക്കുറിച്ച് കീഴ്ഘടകങ്ങളിൽ നിന്ന് റിപ്പോർട്ട് തേടണമെന്നും സെപ്റ്റംബർ 30നു മുൻപ് സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നുമാണ് നിർദേശം.
പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിൽ പാർട്ടിയുടെ സബ് കമ്മിറ്റികൾ ചേരുകയും പരിശോധിക്കുകയും ചെയ്യണം. പാർട്ടി ഇടപെടൽ സഹകരണ മേഖലയിൽ വളരെയധികം കുറഞ്ഞു വരുന്നു. അതിനാല്‍ നിക്ഷിപ്ത താൽപര്യക്കാർ അഴിമതി നടത്താനുള്ള സാധ്യത കാണുന്നുണ്ടെന്നും പുറത്തുവന്ന അഴിമതികള്‍ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും കത്തിൽ പറയുന്നു.