കണ്ണൂര്‍: ഭരണത്തിലേക്ക് രണ്ടാം തരംഗമായി തിരിച്ചു വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയും കൈപ്പിടിയിലാക്കിയേക്കും. സി.പി. എം സമ്മേളനത്തിന് ഒരുങ്ങിയിരിക്കെ പാര്‍ട്ടിയിലും പിണറായി തരംഗം വീശിയടിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഇഷ്ടക്കാര്‍ മാത്രമേ ഇക്കുറി പാര്‍ട്ടി ജില്ലാ, സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് വരികയുള്ളൂ. മുഖ്യമന്ത്രിക്ക് പരിപൂര്‍ണ ആധിപത്യമുള്ള പാര്‍ട്ടി സംവിധാനമാണ് ഇക്കുറി നിലവില്‍ വരിക.
വരുന്ന ജൂലായ് മുതലാണ് സംസ്ഥാനത്ത് സി. പി. എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങുക. ഒക്ടോബറില്‍ ലോക്കല്‍ സമ്മേളനങ്ങളും ഡിസംബറില്‍ ഏരിയാ സമ്മേളനങ്ങളും അടുത്ത വര്‍ഷം ജനുവരിയില്‍ ജില്ലാ സമ്മേളനങ്ങളും ഫെബ്രുവരിയോടെ സംസ്ഥാന സമ്മേളനങ്ങളും നടക്കും. ഇതുസംബന്ധിച്ച പൊളിറ്റ് ബ്യൂറോയുടെ മാര്‍ഗനിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ വര്‍ഷം നടക്കേണ്ട സമ്മേളനങ്ങള്‍ കോവിഡ് വ്യാപനം മൂലം മാറ്റിവെച്ചിരിക്കുകയായിരുന്നു.
രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതു പോലെ തന്നെ പാര്‍ട്ടിയിലും യുവനിര തന്നെയാണ് താക്കോല്‍ സ്ഥാനങ്ങളിലേക്ക് വരിക. താഴെതട്ടില്‍ സമഗ്രമായ അഴിച്ചു പണി നടത്താനാണ് ഒരുങ്ങുന്നത്. ഏറെക്കാലമായി ഒരേസ്ഥാനത്തിരിക്കുന്നവര്‍ക്ക് സ്ഥാന നഷ്ടമുണ്ടാകും. ജില്ലാ, സംസ്ഥാന നേതൃത്വങ്ങളില്‍ നിന്നും 75വയസുകഴിഞ്ഞവരെ ഒഴിവാക്കാന്‍ സാധ്യതയേറെയാണ്. വര്‍ഗബഹുജന സംഘടനകളില്‍ നിന്നും കൂടുതല്‍ പേരെ പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
വനിതകള്‍ക്കും പാര്‍ട്ടി നേതൃപദവിയില്‍ കൂടുതല്‍ അംഗീകാരം ലഭിക്കും. ഏരിയാ സെക്രട്ടറിയായി പരമാവധി യുവാക്കളെ കൊണ്ടുവരാനാണ് തീരുമാനം. സംസ്ഥാനഭരണം കൈയിലുള്ളതു കൊണ്ട് ഇക്കുറി സി.പി. എം സമ്മേളനങ്ങളില്‍ കടുത്ത മത്സരം നടന്നേക്കാന്‍ സാധ്യതയുണ്ട്. പാര്‍ട്ടി പിണറായിയെന്ന വ്യക്തിയിലേക്ക് ചുരുങ്ങിയിട്ടുണ്ടെങ്കിലും പിണറായി ഗ്രൂപ്പില്‍ തന്നെ ചേരിതിരിവു വ്യക്തമാണ്. സംഘടനാ സംവിധാനം ശക്തമായ കണ്ണൂര്‍ ജില്ലയിലടക്കം നിയമസഭാ സീറ്റുകളിലേക്ക് പരിഗണന കിട്ടാത്ത നേതാക്കള്‍ പ്രകോപിതരാണ്.
കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, പി. ജയരാജന്‍ തുടങ്ങിയ നേതാക്കളൊക്കെ വ്രണിത ഹൃദയരാണ്. ഇവരെ വീണ്ടും അടിച്ചു നിരത്തി ബുള്‍ഡോസര്‍ നയം പാര്‍ട്ടി സമ്മേളനങ്ങളിലും ആവര്‍ത്തിച്ചാല്‍ പൊട്ടിത്തെറിയുണ്ടാകുമെന്നുറപ്പാണ്. എന്നാല്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും എതിര്‍ശബ്ദങ്ങള്‍ നിശബ്ദമാക്കി കൊണ്ടുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുകയെന്നത് സൂചനയുണ്ട്. മുഖ്യമന്ത്രിക്ക് പൂര്‍ണമായും വിധേയമായ സംഘടനാ സംവിധാനമാണ് നിലവില്‍ വരാന്‍ സാധ്യത.
ജില്ലാ, സംസ്ഥാന നേതൃത്വങ്ങളില്‍ വരുന്നവര്‍ പൂര്‍ണമായും പിണറായിക്ക് വിധേയത്വമുള്ളവരായിരിക്കും. ഇതോടെ സര്‍ക്കാരിലും പാര്‍ട്ടിയിലും തിരുവായ്ക്കെതിര്‍വായില്ലാത്ത ചീഫ് മാര്‍ഷലായി പിണറായി വിജയന്‍ മാറിയേക്കും. ഇതിനിടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മന്ത്രി സഭാ സത്യപ്രതിജ്ഞയ്ക്കു ശേഷം കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയെത്താന്‍ സാധ്യതയേറിയിട്ടുണ്ട്. സമ്മേളന കാലയളവില്‍ സ്ഥിരം സെക്രട്ടറി വേണമെന്ന പി.ബി നിര്‍ദ്ദേശമാണ് കോടിയേരിക്ക് തുണയായത്. മകന്‍ ബിനീഷ് കോടിയേരിയുടെ ജയില്‍ വാസവും അതേതുടര്‍ന്നുയരുന്ന വിവാദങ്ങളും തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇനി സി.പി. എം കാര്യമാക്കാന്‍ പോകുന്നില്ല.