തൃശൂർ: പാർട്ടി അരവിന്ദാക്ഷനൊപ്പമാണെന്ന് സിപിഎം തൃശൂർ ജില്ല സെക്രട്ടറി എംഎം വർഗീസ്. കരുവന്നൂർ തട്ടിപ്പ് കേസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎം വർഗീസ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷനെ ഇഡി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സഹകരണ മേഖലയെ തകർക്കാനാണ് ഇഡിയുടെ ശ്രമമെന്നും എംഎം വര്‍ഗീസ് ആരോപിച്ചു. സിപിഎം നേതാക്കളെ വേട്ടയാടുകയാണ് ഇഡിയുടെ ലക്ഷ്യം. എസി മൊയ്തീൻ അടക്കമുള്ള പാർട്ടി നേതാക്കളിലേക്ക് കേസ് എത്തിക്കാനുളള നീക്കവും നടക്കുന്നു എന്നും എംഎം വർഗീസ് പറഞ്ഞു.
അരവിന്ദാക്ഷന്റെ പേരിലുള്ള സ്ഥിരനിക്ഷേപത്തെക്കുറിച്ചോ സാമ്പത്തിക നിലയേക്കുറിച്ചോ അറിയില്ലെന്നും എംഎം വർഗീസ് വ്യക്തമാക്കി. എന്തെങ്കിലും തെറ്റായ പ്രവണതയുണ്ടായിട്ടുള്ളതായി ബോധ്യപ്പെട്ടാൽ അരവിന്ദാക്ഷനല്ല, ആരായാലും പാർട്ടി നടപടിയെടുക്കും. ഇഡി നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായി നടത്തും. ഇഡി അന്വേഷിക്കുന്നതു പോലെ അന്വേഷിക്കാൻ പാർട്ടിക്കാവില്ല. പാർട്ടി പാർട്ടിക്കകത്താണ് പരിശോധിക്കുക. തനിക്കുള്ളത് നാമമാത്രമായ നിക്ഷേപം മാത്രമാണ്. ഇപി ജയരാജൻ നേതൃത്വത്തിൽ വന്നതോടെ പാർട്ടിക്ക് തൃശൂരിൽ വലിയ വളർച്ചയാണ് ഉണ്ടായത്. അറസ്റ്റിലായ സതീഷ് കുമാറിനെ തനിക്ക് അറിയില്ലെന്നും എം.എം വർഗീസ് വിശദമാക്കി.