കോഴഞ്ചേരി : കോഴഞ്ചേരി പാലവും ചന്തയും വേണം എന്ന ആവശ്യം ശക്തം. പാലം നിര്‍ദേശം കൊണ്ടു വന്നത് കെ.എം മാണി ധനകാര്യ മന്ത്രി ആയിക്കുമ്പോഴാണെന്ന് യു.ഡി.എഫ് പറയുമ്പോള്‍ അത് വെറും കടലാസ് പ്രഖ്യാപനം മാത്രമെന്ന് എല്‍.ഡി.എഫ് ആരോപിച്ചിരുന്നു. പാലം തൂണുകള്‍ക്ക് മുകളിലേക്ക് പണി നീങ്ങിയപ്പോഴാണ് പൊതുചന്ത പൊളിക്കണമെന്ന നിര്‍ദേശം ഉണ്ടായത്.
പാലവും അപ്രോച്ച് റോഡും ചന്തയിലേക്കാണ് എത്തുക. നിലവിലെകെട്ടിടങ്ങള്‍ പൊളിക്കുകയും നിരവധി വ്യാപാരികളെ ഇതിലൂടെ ഒഴിപ്പിക്കുകയും ചെയ്‌തു. ഇത് ചന്തയുടെ വിസ്‌തീര്‍ണം കുറച്ച് പ്രാചീന പ്രൗഢി നഷ്‌ടപ്പെടുത്തി. ഇപ്പോള്‍ ചന്ത തന്നെ ഇല്ലാതെയാവുകയും ചെയ്‌തു. ഒഴിപ്പിക്കുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ കൃത്യമായ പദ്ധതി ഇല്ലാതെ വന്നതോടെ ഇവര്‍ വഴിയാധാരമായി. പുതിയ സമുച്ചയം നിര്‍മിച്ച് ഇവര്‍ക്ക് സൗകര്യം നല്‍കാമെന്നാണ് ഗ്രാമ പഞ്ചായത്ത് പറഞ്ഞിരുന്നത്.
പുതിയ സമാന്തരപാലവുമായി ബന്ധപ്പെട്ട് മാര്‍ക്കറ്റിലെ കെട്ടിടങ്ങള്‍ പൊളിക്കുവാനും അനധികൃത കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുവാനുമുള്ള സര്‍ക്കാര്‍ തീരുമാനം എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി സ്വാഗതം ചെയ്‌തിരുന്നു. ഇപ്പോള്‍ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിനാണ്. മാര്‍ക്കറ്റിന്റെ ഒരു ഭാഗം മാത്രമാണ് പൊളിച്ചു നീക്കുന്നതിനു വേണ്ടി പൊതുമരാമത്ത് തീരുമാനിച്ചിട്ടുള്ളത് എന്നായിരുന്നു ഇവരുടെ വാദം. ബാക്കിയുള്ള ഭാഗംഉള്‍പ്പെടുത്തി ഹൈടെക് മാര്‍ക്കറ്റ് ആക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. രണ്ട് മാസത്തിനുള്ളില്‍ ഇതിന്റെ എസ്‌റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്നും നാലു വര്‍ഷം മുന്‍പ് നേതാക്കള്‍ അറിയിച്ചിരുന്നു. മാലിന്യ സംസ്‌കരണം ഉള്‍പ്പെടെ ഒരു കോടി രൂപയാണ് വീണാ ജോര്‍ജ് എം.എല്‍.എ ഇതിനായി വകയിരുത്തിയതായി അറിയിച്ചിരുന്നത്.
കടകള്‍ പൊളിച്ചു നീക്കിയതിലൂടെ പഞ്ചായത്തിന്റെ വരുമാന മാര്‍ഗമായ ലേലത്തുക, ഡെപ്പോസിറ്റ് എന്നീ ഇനത്തിലുള്ള നഷ്‌ടം പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. നഷ്‌ടം ഗവണ്‍മെന്റില്‍ നിന്നും ഈടാക്കുന്നതിനു വേണ്ട നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും തൊഴില്‍ നഷ്‌ടപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയില്‍ നിര്‍മാണം തുടങ്ങിയ സമാന്തര പാലത്തിന്റെ പണി പൂര്‍ത്തിയാക്കാത്തത് കോഴഞ്ചേരി ചന്തയുടെ നിലനില്‌പിനെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.