മണക്കാല : ഏറത്ത് ഗ്രാമപ്പഞ്ചായത്തിലെ ശ്മശാനത്തിെൻറ പ്രവർത്തനം തുടങ്ങുന്നു. ഇതിന്റെ നടത്തിപ്പിനായുള്ള നടപടികൾ പൂർത്തിയായി. ഫെബ്രുവരി 10-ന് തുറക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി ഏറത്ത് ഗ്രാമപ്പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഏറത്ത് ഗ്രാമപ്പഞ്ചായത്തിലെ മണക്കാല വട്ടമലപ്പടിയിലാണ് അധുനിക ശ്മശാനം നിർമിച്ചിരിക്കുന്നത്. പറക്കോട് ബ്ലോക്ക് പഞ്ചായത്തിെൻറ കൈവശമുണ്ടായിരുന്ന ശ്മശാനം ഏറത്ത് ഗ്രാമപ്പഞ്ചായത്തിന് കൈമാറുന്ന നടപടികൾ അടുത്തിടെയാണ് നടന്നത്. ഒരേക്കർ സ്ഥലത്ത് 65 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിർമിച്ചത്. പറക്കോട് ബ്ലോക്ക് പഞ്ചായത്താണ് ശ്മശാനത്തിനായി കെട്ടിടം നിർമിച്ചത്. പണി പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തിയ ശ്മശാനം എന്ന വിമർശനം നേരിട്ടിരുന്നു. 2020 നവംബർ മൂന്നിന് കെട്ടിടം പണിയുടെ പകുതി ഘട്ടമായപ്പോൾതന്നെ ശ്മശാനം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി വളരെ പെട്ടെന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്ന ആരോപണം അന്ന് ഉയർന്നിരുന്നു. ഇതിനുശേഷമാണ് കെട്ടിടത്തിന്റെ പണികൾ പലതും നടന്നത്.
2021 ഒക്ടോബറിൽ ശ്മശാനത്തിന് ചിമ്മിനിയും ഫർണസും സ്ഥാപിച്ചിരുന്നു. പക്ഷേ പലതവണ ശ്മശാനത്തിെൻറ പ്രവർത്തനം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ജില്ലാ ഭരണകൂടം നടപടികൾ പൂർത്തീകരിക്കുന്നതിൽ താമസം വരുത്തി. ശ്മശാനത്തിന്റെ നടത്തിപ്പിനായി പാരിസ്ഥിതിക അനുമതിക്ക് മാത്രം എടുത്തത് ഒരു വർഷമാണ്. അടുത്തിടെയാണ് ജില്ലാ ഭരണകൂടം പാരിസ്ഥിതിക അനുമതി നൽകിയതുപോലും. കെട്ടിടത്തിൽ ത്രീഫെയ്സ് വൈദ്യുതി കണക്ഷൻ ലഭിക്കാൻപോലും വളരെക്കാലമെടുത്തു. ഗ്യാസ് ഉപയോഗിക്കുന്ന സംവിധാനമാണ് ശ്മശാനത്തിലുള്ളത്. കർമം ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. അടുത്തിടെ ശ്മശാനത്തിലേക്കുള്ള വഴി ഏറത്ത് ഗ്രാമപ്പഞ്ചായത്ത് കോൺക്രീറ്റും ചെയ്തു. ആറുപഞ്ചായത്തുകൾക്ക് ഏറത്തെ ആധുനിക രീതിയിലുള്ള ശ്മശാനം പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തുകൾക്ക് പ്രയോജനം ലഭിക്കുന്നതാണ്. ഏറത്തിനെ കൂടാതെ കടമ്പനാട്, പള്ളിക്കൽ, ഏഴംകുളം, ഏനാദിമംഗലം, കൊടുമൺ, കലഞ്ഞൂർ പഞ്ചായത്തുകൾക്കാണ് പ്രയോജനം ലഭിക്കുന്നത്. നിലവിൽ ഏറത്തൊഴികെയുള്ള പഞ്ചായത്തുകളിൽ ഒന്നുംതന്നെ ശ്മശാനമില്ല.