എറണാകുളം: റിമാന്‍ഡ് പ്രതിയായ കോട്ടയം സ്വദേശി ഷെഫീഖ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി. ഷെഫീഖ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ജയിലിലെ സി.സി.ടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. ഷെഫീഖ് ജയിലില്‍ തലകറങ്ങി വീഴുന്നത് ദൃശ്യങ്ങളില്‍ കാണാമെന്നാണ് റിപ്പോര്‍ട്ട്.കാക്കനാട് ജില്ലാ ജയില്‍ അധികൃതരില്‍ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. ഷെഫീഖിന് ചികിത്സ കിട്ടാന്‍ വൈകിയോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും.
ജനുവരി 13നാണ് റിമാന്‍ഡ് പ്രതി കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപറമ്പില്‍ ഷെഫീഖ് (35) തലക്കേറ്റ ക്ഷതം മൂലം മരിച്ചത്. കൊച്ചി കാക്കനാട് ജില്ല ജയിലിനോട് അനുബന്ധിച്ച ബോസ്റ്റല്‍ സ്കൂള്‍ ക്വാറന്റീന് സെന്ററില്‍ റിമാന്‍ഡില്‍ കഴിയവെയാണ് സംഭവം.
തലകറങ്ങി വീണ ഷെഫീഖിനെ ജയില്‍ അധികൃതര്‍ ആദ്യം എറണാകുളം ജില്ല ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. അപസ്മാരബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ജയില്‍ അധികൃതര്‍ പറയുന്നത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ തലക്കുള്ളില്‍ രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ തീരുമാനിക്കുകയും ചെയ്തു. ഇതിനുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് മരണം സംഭവിച്ചത്.
ശസ്ത്രക്രിയക്കായി തലമുടി ഷേവ് ചെയ്തപ്പോള്‍ തലയുടെ വിവിധ ഭാഗങ്ങളിലും മുഖത്തും മര്‍ദനമേറ്റെന്ന് തോന്നിക്കുന്ന പാടുകള്‍ കണ്ടു. ഇത് കസ്റ്റഡിയില്‍ മര്ദനമേറ്റതിന്റേതാണെന്നാണ് സംശയം. ഷഫീഖിന്റെ തലയിലും മുഖത്തും മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
തലക്കേറ്റ ക്ഷതത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് ഷെഫീഖിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയുടെ പിന്‍ഭാഗത്ത് ചെറിയ മുറിവുണ്ട്. ഇടതുകണ്ണിന്റെ മേല്‍ഭാഗത്ത് നെറ്റിയിലുണ്ടായ ആഴത്തിലുള്ള മുറിവുമൂലം തലക്കുള്ളില്‍ രക്തസ്രാവം ഉണ്ടാകുകയും പിന്നീട് രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു.