എടക്കര : രാത്രിയില്‍ ഒളിഞ്ഞുനോട്ടവും മോഷണവും പതിവാക്കിയ യുവാവ് വഴിക്കടവ് പോലീസിന്റെ പിടിയില്‍. മാമാങ്കരയിലെ ഷാഹിദ് എന്ന ബാവയെയാണ്(37) വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. പാലാട്, മൊടപ്പൊയ്ക ഭാഗങ്ങളില്‍ വീടുകളിലും മറ്റും ഒളിഞ്ഞു നോട്ടം പതിവാക്കിയ യുവാവ് മോഷണശ്രമവും നടത്തിയിരുന്നു. ശല്യം പതിവായതോടെ നാട്ടുകാരും പോലീസും പരിശോധന നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ തിങ്കളാഴ്ച പാലാട് കുടുംബം താമസിക്കുന്ന വീടിന്റെ കിടപ്പുമുറിയുടെ ജനല്‍ തുറന്നു 3600 രൂപ വിലയുള്ള മൊബൈല്‍ ഫോണും ഹെഡ്സെറ്റും മോഷണം പോയിരുന്നു. ഇംഗ്ലണ്ടിലേക്കുള്ള യാത്രക്ക് തയാറെടുക്കുന്ന മകളുടെ ഫോണാണ് നഷ്ടമായത്. യാത്ര രേഖകളും മറ്റു സന്ദേശങ്ങളും അടങ്ങിയ ഫോണായിരുന്നു അത്. ഇതേത്തുടര്‍ന്നു നല്കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ് വ്യാഴാഴ്ച ഉച്ചക്ക് നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ഷാഹിദിനെ പിടികൂടിയത്. മോഷ്ടിച്ച ഫോണിന്റെ ലോക്ക് തുറക്കാന്‍ മൊബൈല്‍ ഷോപ്പില്‍ കൊടുത്തു കാത്തിരിക്കുകയായിരുന്നു ഇയാള്‍.