നെടുങ്കണ്ടം : പാറമടയ്‌ക്കെതിരേ പ്രതിഷേധിച്ച നാട്ടുകാരെ കമ്പം മേട് സി.ഐ മര്‍ദ്ദിച്ചുവെന്ന് പരാതി. ഇടുക്കി നെടുങ്കണ്ടം കൂട്ടാറിന് സമീപം അല്ലിയാറില്‍ പാറമടയ് ക്കെതിരേ പ്രതിഷേധിച്ച നാട്ടുകാരെയാണ് പോലീസ് മുറയില്‍ സി.ഐ നേരിട്ടത്. മര്‍ദ്ദനമേറ്റ വയോധിക ഉള്‍പ്പടെ ആറുപേര്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറമടയില്‍ നിന്നും അതിരാവിലെ കല്ലുമായി വന്ന ലോറി നാട്ടുകാര്‍ തടഞ്ഞതാണ് പോലിസും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തിനു കാരണം.
പത്ത് മെട്രിക് ടണ്‍ കല്ലുമാത്രം ഖനനം ചെയ്യാനാണ് പാറമടയ്ക്ക് അനുമതിയുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ രാവിലെ അഞ്ചുമണിക്ക് ഖനനവും കല്ലുനീക്കലും ആരംഭിക്കാറുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് രാവിലെ അഞ്ചരയ്ക്ക് നാട്ടുകാര്‍ പാറമടയില്‍ നിന്ന് കല്ല് കൊണ്ടുവന്ന വാഹനം തടഞ്ഞിട്ടത്. തുടര്‍ന്ന് പോലിസ് നാട്ടുകാരുമായി നടത്തിയ അനുനയ ചര്‍ച്ചയ്ക്ക് ഒടുവില്‍ സ്‌കൂള്‍ സമയമായ പത്തുമണിക്ക് ശേഷം കല്ല് കൊണ്ടുപോവാന്‍ അനുവദിക്കാമെന്ന് നാട്ടുകാര്‍ സമ്മതിച്ചു.
ഇതിനിടയില്‍ സംഭവ സ്ഥലത്തെത്തിയ കമ്പം മേട് സിഐ നാട്ടുകാര്‍ക്ക് നേരെ അധിക്ഷേപ വാക്കുകള്‍ ചൊരിയുകയും വയോധികയെ അടക്കം മര്‍ദിക്കുകയായിരുന്നു. ഇതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പ്രതിരോധം സൃഷ്ടിച്ചു. ചിലരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലിസ് ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിലും സിഐ മര്‍ദനം തുടര്‍ന്നു. വയോധിക ഉള്‍പ്പടെ നാട്ടുകാരില്‍ ആറുപേര്‍ക്കാണ് പരിക്കേറ്റത്. സമരം തുടരാന്‍ തന്നെയാണ് നാട്ടുകാരുടെ തീരുമാനം.