ആലപ്പുഴ : കാമുകിയുടെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും വ്യാജ വാറ്റ് നിര്‍മ്മാണവും നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 29-നു തഴക്കരയില്‍ 29 കിലോ കഞ്ചാവും വാറ്റ് ചാരായവും അനൂബന്ധ സാധനങ്ങളും പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയും നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയുമായ പുന്നമൂട് എബനേസര്‍ പുത്തന്‍വീട്ടില്‍ ലിജു ഉമ്മനെ (40)യാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ നിന്ന് പോലീസ് പിടികൂടിയത്.
മാവേലിക്കര പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര എ.സി.പി.യുടെയും കളമശ്ശേരി ഇന്‍സ്പെക്ടറുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ തടഞ്ഞുവെച്ചു. തുടര്‍ന്നു മാവേലിക്കര എസ്‌ഐ. അംശുവിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് സംഘത്തിനു കൈമാറുകയായിരുന്നു.
ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഇയാള്‍ എത്താന്‍ സാധ്യതയുണ്ടെന്നറിഞ്ഞു കഴിഞ്ഞ ദിവസങ്ങളില്‍ മാവേലിക്കര പോലീസ് ഇവിടം കേന്ദ്രീകരിച്ചു തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. തിങ്കളാഴ്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു മാവേലിക്കര പോലീസ് വിവരം കൊച്ചി പോലീസിന് കൈമാറിയത്. നാളുകളായി പോലീസിനെ കബളിപ്പിച്ചു നടന്ന ലിജു ഉമ്മനെതിരേ പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വര്‍ഷങ്ങളായി ഗുണ്ടാ പ്രവര്‍ത്തനങ്ങളും ലഹരി ഇടപാടുകളുമായി നടക്കുന്ന ലിജുവിനെതിരെ വിവിധ സ്റ്റേഷനുകളിലായി 41 കേസുകളുണ്ട്. കായംകുളത്ത് ശര്‍ക്കര വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലും കൊറ്റുകുളങ്ങര ബോംബേറ്, അടുത്തിടെ കായംകുളത്തെ രാഷ്ട്രീയ പ്രവര്‍ത്തകനെ വെട്ടിയ കേസ് തുടങ്ങി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.
എപ്പോഴും ഗുണ്ടാ സംഘങ്ങള്‍ക്കൊപ്പമാണ് നടപ്പ്. മിക്ക സമയത്തും കയ്യില്‍ വടിവാളോ കത്തിയോ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കാണും. മാവേലിക്കര നഗരത്തില്‍ വടിവാളുമായി ഇറങ്ങി നാട്ടുകാരെ ഭീതിപ്പെടുത്തുന്നത് പതിവാണ്. ഏതെങ്കിലും കേസില്‍പെട്ടാല്‍ രാഷ്ട്രീയ ഉന്നതര്‍ പോലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നത് സ്ഥിരം പരിപാടിയാണ്. എന്തു ചെയ്യാനും മടിയില്ലാത്ത ഇയാളെ തൊടാന്‍ പോലീസുകാര്‍ക്കും പേടിയാണ്.
ഇതിനിടയിലാണ് ലിജു ഉമ്മന്റെ സുഹൃത്ത് കായംകുളം ചേരാവള്ളി തയ്യില്‍ തെക്കതില്‍ നിമ്മി (32) യുടെ തഴക്കരയിലെ വാടക വീട്ടില്‍ കഴിഞ്ഞ ഡിസംബറില്‍ പോലീസ് റെയ്ഡ് നടത്തിയത്. അപ്രതീക്ഷിതമായി പോലീസ് വീട് വളഞ്ഞതോടെ ഇയാള്‍ ഉപയോഗിച്ചിരുന്ന സ്‌ക്കോഡാ ഒക്ടാവിയ വാഹനം അവിടെ തന്നെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
പോലീസ് വീട്ടിനുള്ളില്‍ പരിശോധനയ്ക്ക് കയറുമ്ബോള്‍ നിമ്മിക്കൊപ്പം എട്ടും അഞ്ചും വയസ്സുള്ള കുട്ടികള്‍ ഉണ്ടായിരുന്നു. ബന്ധുക്കളെ വിളിച്ചു വരുത്തി കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.
പരിശോധനയില്‍ 29 കിലോ കഞ്ചാവും 4.5 ലിറ്റര്‍ വാറ്റുചാരായവും 40 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും 1800 പായ്ക്കറ്റ് ഹാന്‍സുമാണ് പോലീസ് പിടിച്ചെടുത്തത്. ലഹരി വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന ലിജു ഉമ്മന്റെ ആഡംബര കാറും നിമ്മിയുടെ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
ഗുണ്ടാ പ്രവര്‍ത്തനത്തിനൊപ്പം ലഹരി കച്ചവടവുമായിരുന്നു നിമ്മിയുമായി ചേര്‍ന്ന് നടത്തിയിരുന്നത്. സ്‌ക്കൂട്ടറിലും കാറിലും സഞ്ചരിച്ചായിരുന്നു ഇവരുടെ ലഹരി കച്ചവടം. പലപ്പോഴും സ്ത്രീകള്‍ ഉള്ള വാഹനങ്ങള്‍ പോലീസ് പരിശോധിക്കുന്നത് വിരളമാണ്. ഇത് മനസ്സിലാക്കി എപ്പോഴും നിമ്മിയെ ലിജു ഒപ്പം കൂട്ടിയായിരുന്നു യാത്രകള്‍.