പത്തനംതിട്ട : നിയന്ത്രണങ്ങളോടെയുള്ള ശബരിമല തീർത്ഥാടനത്തെ എതിർത്ത് പന്തളം കൊട്ടാരം. പരമ്പരാഗത രീതിയിലുള്ള ആചാരങ്ങൾ മുടക്കുന്നത് സർക്കാരിന് ശബരിമലയോടുള്ള അവഗണന കൊണ്ടാണെന്നാണ് വിമർശനം. ശബരിമലയിൽ നടതുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സർക്കാരിനെതിരെ പരസ്യ വിമർശനങ്ങളുമായി പന്തളം കൊട്ടാരം രംഗത്തെത്തുന്നത്.
കാനന പാതയിലൂടെയുള്ള യാത്ര, നെയ്അഭിഷേകം ഭക്തർക്ക് സന്നിധാനത്ത് വിരിവെയ്ക്കാനുള്ള അനുവാദം, പമ്പയിലെ ചടങ്ങൾ തുടങ്ങി ബരിമലയിൽ നടത്തിവന്നിരുന്ന ആചാരങ്ങൾക്കെല്ലാം ഇത്തവണ അനുമതി നൽകണമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ പന്തളം കൊട്ടാര നിർവാഹക സമിതി സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാൽ ഭക്തരുടെ എണ്ണം കൂട്ടിയതൊഴിച്ചാൽ കഴിഞ്ഞ തവണത്തേത് പോലെ തന്നെയാണ് ഇക്കുറിയും മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം. സ്കൂളുകളും ബാറുകളുമടക്കം തുറന്നിട്ടും ശബരിമലയിൽ മാത്രം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതാണ് കൊട്ടാരത്തെ ചൊടുപ്പിക്കുന്നത്.
തിരുവാഭരണ ദർശനത്തിന് പന്തളത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലും അന്നദാനം നടത്തുന്നതിനും അന്തിമ തീരുമാനം ആയിട്ടില്ല. വരും ദിവസങ്ങൾ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കൊട്ടാരം നിർവാഹക സമിതി. സാധാരണ തീർത്ഥാടന കാലത്ത് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലെ മുന്നൊരുക്കങ്ങൾക്കായി ദേവസ്വം ബോർഡ് ഫണ്ട് നീക്കി വെയ്ക്കുന്നതാണ്. ഇത്തവണ ഫണ്ട് കിട്ടാത്താതിനാൽ ക്രമീകരണങ്ങൾ മുടങ്ങി.