കുളത്തൂപ്പുഴ : കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ ചോഴിയക്കോട് അരിപ്പ എന്നിവിടങ്ങളില്‍ വീട്ടുപുരയിടങ്ങളില്‍ നിന്ന ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ രണ്ടുപേരെ വനപാലകർ പിടികൂടി. വിതുര കല്ലാര്‍ വിജയസദനത്തില്‍ ശിങ്കിടി വിജയന് എന്ന വിജയന് (41) ഇയാളുടെ സഹായി ഒറ്റശേഖരമംഗലം ബഥേല്‍ മന്ദിരത്തില്‍ അജിതാഭായി (51) എന്നിവരാണ് കുളത്തൂപ്പുഴ റേഞ്ച് വനപാലകരുടെ പിടിയിലായിരിക്കുന്നത്. പുരയിടങ്ങളില്‍ നിന്ന ചന്ദന മരങ്ങള്‍ മോഷണം പോയതിനെ തുടര്‍ന്ന് സമീപ പ്രദേശത്തെയും പാതയോരങ്ങളിലെയും നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സംഭവസമയം ഇരുചക്ര വാഹനത്തില്‍ രണ്ടുപേര്‍ ചാക്ക് കെട്ടുമായി പോകുന്നത് കണ്ടെത്തുകയും ഇവയിലൊരാള് മുമ്പ് ചന്ദനക്കടത്ത് കേസില്‍ ഉള്‍പ്പെട്ട ശിങ്കിടി വിജയനാണെന്ന് തിരിച്ചറിയുകയുമായിരുന്നു.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് കേസിലെ പ്രധാനിയായ രതീഷിനെകുറിച്ചും മോഷണ സാധനങ്ങള്‍ വില്പന നടത്തി നല്കുന്ന അജിതാഭായിയെകുറിച്ചുമുള്ള വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് അജിതാഭായിയെ പിടികൂടിയെങ്കിലും രതീഷ് രക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചിൽ തുടരുന്നതായി വനപാലകര്‍ അറിയിച്ചു. കുളത്തുപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ രാജേന്ദ്രൻ, ഏഴംകുളം വനംസ്റ്റേഷൻ ഉദ്യോഗസ്ഥരായ അരവിന്ദ്, സെക്ഷന്‍ ഫോറസ്റ്റര്‍ നൗഷാദ്, ഡെപ്യൂട്ടി ഫോറസ്റ്റര്‍ അനിൽ കുമാർ, രമ്യ, ജിഷ ജി നായർ, അനു, സന്തോഷ്, അനിൽകുമാർ, അനു ഭാസ്കർ, വൈശാഖ്, സാബുനാഥൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരവരെയും പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.