കോഴിക്കോട് : ക്യാന്‍സര്‍ ചികിത്സാ സഹായമായി നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത പണം ഭര്‍ത്താവ് ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയുമായി യുവതി രംഗത്ത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ബിജ്മയാണ് ഭര്‍ത്താവ് ധനേഷിനെതിരെ പോലീസിന് പരാതി നല്‍കിയത്. ചികില്‍സക്കായി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പിരിച്ച് കിട്ടിയ 30 ലക്ഷത്തോളം രൂപ ഭര്‍ത്താവ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും ചോദ്യം ചെയ്ത തന്നെ നിരന്തരം മര്‍ദ്ദിക്കുന്നതായുമാണ് ബിജ്മയുടെ പരാതി.
വയറു വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബിജ്മയ്ക്ക് വൃക്കയ്ക്ക് സമീപമുള്ള എല്ലില്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് ഭര്‍ത്താവ് ധനേഷ് ചികിത്സ സഹായം അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുകയായിരുന്നു. ധനേഷിന്‍റെ അക്കൗണ്ട് വിവരങ്ങളാണ് പോസ്റ്റില്‍ നല്‍കിയിരുന്നത്. നിരവധിയാളുകള്‍ പോസ്റ്റ് ഷെയര്‍ ചെയ്തതോടെ വലിയ തുക ചികിത്സാ സഹായമായി അക്കൗണ്ടില്‍ എത്തി.
ബിജ്മയ്ക്ക് റേഡിയേഷനും കീമോതെറാപ്പിയും പുരോഗമിക്കവേ ധനേഷ് തുക സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്ത ബിജ്മയെ ധനേഷ് ക്രൂരമായി ഉപദ്രവിച്ചതായും ചികിത്സാ സഹായമായി കിട്ടിയ തുക ഉപയോഗിച്ച് ധനേഷിന്‍റെ അമ്മയുടെ പേരില്‍ പുതിയ വീടു വാങ്ങിച്ചതായും ബിജ്മ പരാതിയില്‍ പറയുന്നു. തുടര്‍ ചികില്‍സകള്‍ക്കും പരിശോധനയ്ക്കും പണം കണ്ടെത്താനാവാതെ ദുരിതത്തിലായ ബിജ്മ ഗാര്‍ഹിക പീഡനവും പണം തട്ടിയെടുത്തതും കാണിച്ച് വെള്ളയില്‍ പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.