പന്തളം : മണ്ഡലകാല ഉത്സവത്തിന് ശബരിമല നടതുറന്നതുമുതൽ പന്തളത്തനുഭവപ്പെട്ട തിരക്ക് വർധിക്കുന്നു. തീർഥാടകർക്കായി ഇവിടെ കൂടുതൽസൗകര്യങ്ങൾ ബോർഡ് ഒരുക്കിത്തുടങ്ങി. തീർഥാടകർക്ക് ശബരിമല ദർശനത്തിനുള്ള റിയൽടൈം വെർച്വൽ ക്യൂ സംവിധാനം ആരംഭിച്ചിട്ടുണ്ട്. വാഹന പാർക്കിങ്ങിന് അന്നദാനമണ്ഡപത്തിനുതാഴെ ഒരുക്കിയ സ്ഥലത്തേക്ക് പുതിയതായി പണിത വഴി പൂർത്തിയായി. സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിതമുറിയിൽ സൂക്ഷിച്ചിരിക്കുന്ന അയ്യപ്പന്റെ തിരുവാഭരണങ്ങൾ കണ്ട് തൊഴാനും അന്നദാനത്തിൽ പങ്കുകൊള്ളാനും ക്ഷേത്ര ദർശനത്തിനുമാണ് തീർഥാടകർ പന്തളത്തേക്കെത്തുന്നത്. മണികണ്ഠനാൽത്തറയിൽനിന്നും ക്ഷേത്രത്തിലേക്കുള്ള പ്രധാനവഴിയും എം.സി. റോഡും തീർഥാടകരെക്കൊണ്ട് നിറഞ്ഞുതുടങ്ങി. പാർക്കിങ് മൈതാനത്തും തിരക്കനുഭവപ്പെടുന്നുണ്ട്. നവംബർ 16-നാണ് തിരുവാഭരണങ്ങൾ ദർശനത്തിന് തുറന്നുവെച്ചത്. ആദ്യ ദിവസങ്ങളിൽ തിരക്ക് കുറവായിരുന്നുവെങ്കിലും 12 വളക്കുകഴിഞ്ഞതോടെ വർധിച്ചു.
വർഷത്തിൽ മൂന്നുതവണ മാത്രമാണ് ആഭരണ ദർശനം സാധ്യമാകുന്നത്. വൃശ്ചികമാസം ശബരിമലനട തുറക്കുന്ന കാലയളവിലും അയ്യപ്പന്റെ പിറന്നാളായ കുഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ആഭരണം തൊഴാൻ സൗകര്യം ലഭിക്കുക. മറുനാട്ടുകാരായ ഭക്തരിലധികവും ശബരിമല യാത്രാവേളയിലാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുക. ജനുവരി 11 വരെ മാത്രമാണ് കൊട്ടാരത്തിൽ ദർശന സൗകര്യമുണ്ടാവുക. ഘോഷയാത്ര ദിവസമായ ജനുവരി 12-ന് രാവിലെ 5.30 മുതൽ 12 വരെ ക്ഷേത്രശ്രീകോവിലിനു മുൻവശത്താണ് ആഭരണങ്ങൾ തുറന്നുവെയ്ക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് ഘോഷയാത്ര പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്നു പുറപ്പെടും.