തിരുവല്ല : ഭരണാനുമതിലഭിച്ച് രണ്ട് വർഷമായിട്ടും പുല്ലംപ്ലാവിൽ കടവിൽ പുതിയപാലമായില്ല. നഗരസഭയുടെയും നെടുമ്പ്രം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കിഴക്കുംമുറി പുല്ലംപ്ലാവിൽ കടവ് പാലത്തിന്റെ പൊളിച്ചുപണിയാണ് അനന്തമായി നീളുന്നത്. പുതിയ പാലം പണിയാൻ 7.69 കോടി രൂപ സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2022 ഡിസംബർ 22-ന് പാലംപണിക്ക് ഭരണാനുമതി ലഭിച്ചു.
അതേവർഷം സംസ്ഥാന ബജറ്റിൽ പാലം പണിയുടെ ആകെത്തുകയുടെ 20 ശതമാനം പണം ഉൾപ്പെടുത്തിയിരുന്നു. 20 ശതമാനം തുക ഉൾപ്പെടുത്തിയാൽ പദ്ധതിക്ക് പൂർണാനുമതിയായതായാണ് കണക്കാക്കുന്നത്. അലൈൻമെന്റ് തയ്യാറാക്കി സാങ്കേതികാനുമതി നേടിയശേഷം ടെൻഡർ വിളിക്കലാണ് ഇനി നടക്കേണ്ടത്.
അതിന് മുമ്പ് ഇരുകരകളിലും പാലം മുട്ടുന്ന ഭാഗം, അപ്രോച്ച് റോഡ് എന്നിവയ്ക്ക് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഏറ്റെടുപ്പിനുളള അന്തിമ വിജ്ഞാപനം ഇറങ്ങിയിട്ടില്ല. റവന്യൂ, പൊതുമരാമത്ത് വിഭാഗങ്ങൾ സംയുക്തമായി പരിശോധിച്ചുവേണം ഏറ്റെടുക്കലിനുള്ള റിപ്പോർട്ട് നൽകാൻ. ഇടയ്‌ക്കൊക്കെ പരിശോധനകൾ നടന്നിട്ടുണ്ട്. തുടർനടപടികൾ മെല്ലെപ്പോക്കിൽ കിടക്കുകയാണ്. തിരുവല്ല നഗരസഭയിലെ 26-ാം വാർഡും നെടുമ്പ്രം പഞ്ചായത്തിലെ ഒൻപതാം വാർഡുമാണ് ഇരുകരയിലുമുള്ളത്. മണിമലയിൽ നിന്നുള്ള എക്കലടിഞ്ഞ് വളക്കൂറുള്ള പ്രദേശമാണ് കല്ലുങ്കൽ ഉൾപ്പെടുന്ന വെൺപാല. തിരുവല്ല മേഖലയിൽ വാഴയും പച്ചക്കറികളും സമൃദ്ധമായി കൃഷി ചെയ്യുന്ന പ്രദേശം. പുല്ലംപ്ലാവിൽ മികച്ച യാത്രാസൗകര്യമുള്ള പാലം വരുന്നതോടെ കാർഷിക മേഖലയ്ക്കും നേട്ടമാകും.