റാന്നി: റാന്നിയിലും പരിസരപ്രദേശങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ജനം തെരുവുകളിലിറങ്ങുന്നു. ഇതിനെ തുടർന്ന് വീണ്ടും നാടാകെ കോവിഡ് ഭീതിയിലായി. നിയന്ത്രണങ്ങളിൽ അൽപം അയവുവന്നതോടെ ആളുകൾ കോവിഡ് തീർത്തും ഒഴിഞ്ഞെന്ന മട്ടിലാണ് പ്രവർത്തനങ്ങൾ. സാമൂഹിക അകലം പാലിക്കുന്നവർ നന്നേ കുറവ്. പൊതുയിടങ്ങളിൽ വരുന്നവർ മാസ്ക് ധരിക്കുന്നുണ്ടെങ്കിലും പലരും ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
നിയന്ത്രണങ്ങൾ വകവെക്കാത്തവരെ കണ്ടെത്തി ബോധവത്കരണത്തിനായി സ്ട്രീറ്റ് മജിസ്ട്രേറ്റുമാർ പ്രവർത്തനം തുടരുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം കാണുന്നില്ലെന്നാണ് പറയുന്നത്. കോവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാത്തതിനാൽ ആരും സ്വയം നിയന്ത്രിക്കാത്ത അവസ്ഥയാണ്. വ്യാപാര സ്ഥാപനങ്ങൾ, ഓഫിസുകൾ, സർക്കാർ ഓഫിസുകൾ, ബാങ്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിൽക്കുന്നത് പതിവാണ്. സർക്കാർ നിർദേശങ്ങൾ വകവെക്കാതെ വിവാഹം, പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനം തുടങ്ങിയ പരിപാടികൾ തകൃതിയായി നടക്കുന്നു. ബസ്സ്റ്റാൻഡിൽനിന്ന് പല സ്ഥലത്തേക്കും ബസുകൾ കുറവായതിനാൽ ഉള്ള ബസിൽ ഇടിച്ചുകുത്തിയാണ് യാത്രക്കാർ പോകുന്നത്.
ബസ് ജീവനക്കാർ പരമാവധി ആളുകൾ കൊള്ളുന്നതും കാത്തുകിടന്ന് ബസ് നിറയെ ആളിനെയും കൊണ്ടാണ് യാത്രതുടങ്ങുന്നത്. ജില്ലയിൽ കലക്ടർ 144 പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉത്തരവിൻെറ നിയന്ത്രണങ്ങൾ എങ്ങും കാണാനില്ലെന്ന് നാട്ടുകാർ തന്നെ പറയുന്നു. ചൊവ്വാഴ്ച 49പേർക്കും ബുധനാഴ്ച 33 പേർക്കും റാന്നി ബ്ലോക്കിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.