മമ്പാട് : വിത്ത് നടാൻ, ഞാറു നടാൻ, കൊയ്തുമെതിക്കാൻ എല്ലാത്തിനും യന്ത്രങ്ങൾ കൃഷിയിടത്തിലെത്തുന്ന കാലമാണിത്. കപ്പയ്ക്ക് കൂടമൊരുക്കാനും തെങ്ങിന് തടമിടാനും റബ്ബർതൈകൾ നടാൻ കുഴിയൊരുക്കാനുമൊക്കെ മണ്ണു മാന്തി യന്ത്രമെത്തുന്നതാണ് പുതിയ രീതി. കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചെലവിൽ പണി പൂർത്തീകരിക്കാമെന്നതിനാൽ കർഷകർക്ക് സന്തോഷം.
കൃഷിപ്പണിക്ക് ആളെ കിട്ടാതെ വലയുന്ന സാഹചര്യത്തിൽനിന്ന് മണ്ണുമാന്തി പരിഹാരമാർഗമാണെന്നാണ് കർഷകരുടെ വാദം. യന്ത്രങ്ങളിറങ്ങാൻ സൗകര്യമില്ലാത്ത മേഖലയിൽ ഇപ്പോഴും തൊഴിലാളികളെ തന്നെ കാത്തിരിക്കേണ്ട സാഹചര്യമുണ്ട് മിക്ക കർഷകർക്കും. നെൽകൃഷി ഉൾപ്പെടെയുള്ള കൃഷിയിടങ്ങൾ ഇപ്പോഴും തൊഴിലാളികളുടെ വരവും പ്രതീക്ഷിച്ച് കഴിയുന്നുണ്ട്.