ഡൽഹി : പള്ളിയും മദ്രസയും പൊളിച്ചതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട ഹൽദ്വാനിയിൽ മുസ്‌ലിം സംഘടനകളുടെ സംയുക്ത പ്രതിസംഘം എത്തി. ജമാഅത്തെ ഇസ്‌ലാമി, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് എന്നീ സംഘടനകളുടെ നേതാക്കളാണ് സംഘർഷബാധിത പ്രദേശങ്ങളിലെ യാഥാർഥ്യങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനായി എത്തിയത്. ജമാഅത്തെ ഇസ്‌ലാമി വൈസ് പ്രസിഡന്റ് മാലിക് മുഅ്തസിം ഖാൻ, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാനാ ഹക്കീമുദ്ദീൻ ഖാസിമി, ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി മൗലാന ഷാഫി മദനി, മൗലാനാ ഗയ്യൂർ ഖാസിമി, ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് സെക്രട്ടറി ലയീഖ് അഹമ്മദ് ഖാൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ആരാധനാലയങ്ങൾ പൊളിച്ചുനീക്കുന്നതിൽ ഭരണകൂടം സ്വീകരിച്ച ദീർഘവീക്ഷണമില്ലാത്ത നടപടികളാണ് പ്രശ്‌നത്തിന് കാരണമെന്ന് നേതാക്കൾ വ്യക്തമാക്കി. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കൾ മുസ്‌ലിം യുവാക്കൾക്കെതിരായ അന്യായമായ അറസ്റ്റും നിയമനടപടികളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.