ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്നതിനെ കറിവേപ്പില എന്നാണ് പൊതുവെ മലയാളികള്‍ വിശേഷിപ്പിക്കാറുള്ളത്. കാരണം കറിവേപ്പിലയില്ലാത്ത കറികള്‍ക്ക് രുചി കുറയുമെങ്കിലും ആവശ്യം കഴിഞ്ഞാല്‍ അത് പിന്നെ എടുത്തുകളയുകയാണ് പതിവ്. എന്നാല്‍ ഇങ്ങിനെ വലിച്ചെറിയേണ്ട ഇലയല്ല എന്ന് കറിവേപ്പിലയുടെ ഔഷധഗുണങ്ങള്‍ കേട്ടാല്‍ മനസിലാകും. വിറ്റാമിന്‍ എ യുടെ കലവറയായ കറിവേപ്പില നമ്മുടെ ശരീരത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്ന ഇലയാണ്. കറിവേപ്പിലകൊണ്ട് ശരീരത്തിന് ധാരാളം ഗുണങ്ങൾ ലഭിക്കും. ഔഷധഗുണവും ആന്റിഓക്സിഡന്റും ഗുണവും കറിവേപ്പിലയിൽ ധാരാളമുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. ആന്റിഓക്സിഡന്റുകൾ കാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗങ്ങളെ ചെറുക്കും. ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ആൽക്കലോയിഡുകൾ, ഗ്ലൈക്കോസൈഡുകൾ, ഫിനോളിക്സ് തുടങ്ങിയ സസ്യ സംയുക്തങ്ങളാൽ സമ്പുഷ്ടമാണ് കറിവേപ്പില. ഈ സംയുക്തങ്ങൾ ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നുണ്ട്.
ശരീരത്തിലെ ഉയർന്ന കൊളസ്‌ട്രോൾ അളവും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും കറിവേപ്പില നല്ലതാണ്. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം അധിക ഭാരം കുറയ്ക്കാനും സഹായിക്കും. കറിവേപ്പിലയിൽ ഔഷധഗുണങ്ങളും ആന്റിഓക്സിഡന്റുകളും ആന്റി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ വിഷവിമുക്തമാക്കാൻ സഹായിക്കും. കറിവേപ്പില വെള്ളം കുടിക്കുന്നത് ദഹനം എളുപ്പമാക്കാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.