ചെന്നൈ: തൂത്തുക്കുടിയില്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ വ്യാപാരികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്‌ഐ അറസ്റ്റില്‍. സാത്താന്‍കുളം സ്റ്റേഷനിലെ എസ്.ഐ രഘു ഗണേഷാണ് അറസ്റ്റിലായത്. സിബിസിഐഡിയാണ് എസ്.ഐയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡി മര്‍ദ്ദനം നടത്തിയ രഘു ഗണേഷിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് നടപടി.
നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. എഎസ്‍പി, ഡിഎസ്‍പി എന്നിവരെ സ്ഥലം മാറ്റുകയായിരുന്നു. കോണ്‍സ്റ്റബിള്‍ മഹാരാജിനെ സസ്പെന്‍ഡും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌ഐയെ അറസ്റ്റ് ചെയ്തത്.
പോലീസുകാര്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിസഹകരിച്ചതായും സ്റ്റേഷനിലെത്തിയ കമ്മീഷനെ പോലീസ് ഭീഷണിപ്പെടുത്തിയതായും കമ്മീഷന്‍ വെളിപ്പെടുത്തി. സുപ്രധാന തെളിവുകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അതേസമയം തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ പോലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പോലീസിനെ ബെനിക്സ് മര്‍ദ്ദിച്ചെന്നായിരുന്നു എഫ്‌ഐആര്‍. എന്നാല്‍ പോലീസിനോട് സംസാരിച്ച് ബെനിക്സ് മടങ്ങി വരുന്നത് ദൃശ്യങ്ങളിലുണ്ട്. കടയ്ക്ക് മുന്നില്‍ വന്‍ സംഘര്‍ഷമോ വന്‍ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ബെനിക്സിന്റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതു മണിക്ക് വന്‍ ജനകൂട്ടം ആയിരുന്നെവന്നും ഇത് ചോദ്യം ചെയ്ത പോലീസിനെ ബെനിക്സ് ആക്രമിച്ചുവെന്നുമാണ് എഫ്‌ഐആര്‍. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം. എന്നാല്‍ പോലീസ് വാദം തെറ്റാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാന്‍ ബെനിക്സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു.