കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ സംജുവിന്റെ ബന്ധുവായ ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ജ്വല്ലറി ഉടമ ഷംസുദ്ദീനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. സംജു വാങ്ങിയ സ്വര്‍ണം ഷംസുദ്ദീന് നല്‍കിയതായി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഷംസുദ്ദീനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.
അതിനിടെ ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. നേരത്തെ ഇയാള്‍ക്ക് കസ്റ്റംസ് സമന്‍സ് നല്‍കിയിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇയാള്‍ കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. അതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.
അതേ സമയം കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ ബുധനാഴ്ച കോടതി വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയാണ് സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുക. അതേസമയം സ്വപ്നക്ക് ഉന്നത ബന്ധമുണ്ടെന്ന് വ്യക്തമാക്കി കസ്റ്റംസ് സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു.