തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ഭരണച്ചുമതല അഞ്ചംഗ ഭരണസമിതിക്ക് കൈമാറാമെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം ട്രസ്റ്റ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ക്ഷേത്രം ട്രസ്റ്റി മൂലം തിരുനാള്‍ രാമവര്‍മ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.
ട്രസ്റ്റ് നല്‍കിയിരിക്കുന്ന സത്യവാങ്മൂലം സുപ്രീംകോടതി അംഗീകരിച്ചാല്‍ ഭരണസമിതിയും ഉപദേശക സമിതിയും ഏറെ വൈകാതെ രൂപീകരിക്കാന്‍ സാധിക്കും. ജില്ലാ ജഡ്ജിയുടെ അദ്ധ്യക്ഷതയില്‍ ഉള്ള ഭരണസമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായിരിക്കും. ഈ കാലയളവില്‍ ഏതെങ്കിലും അംഗം ഒഴിയുകയാണെങ്കില്‍, ആ സ്ഥാനത്തേക്ക് പകരം വ്യക്തിയെ നിയമിക്കും.
ആചാരവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ ഭരണസമിതി ബാദ്ധ്യസ്ഥരായിരിക്കുമെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ട്രസ്റ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ഒരുമാസം 15 ലക്ഷത്തില്‍ കൂടുതല്‍ തുക ചിലവഴിക്കാന്‍ ഭരണസമിതിയ്ക്ക് അധികാരം ഉണ്ടായിരിക്കില്ലെന്നും ഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് ട്രസ്റ്റിയുടെ അനുവാദം വാങ്ങണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ക്ഷേത്ര ഭരണത്തെ സംബന്ധിച്ച് എന്തെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശം ട്രസ്റ്റിക്ക് ഭരണസമിതിക്ക് കൈമാറാന്‍ സാധിക്കുമെന്നും അഭിഭാഷകന്‍ ശ്യാം മോഹന്‍ മുഖേനെ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ട്രസ്റ്റി വ്യക്തമാക്കുന്നു.