തൃശ്ശൂർ: ഓൺലൈനിൽ സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാൻ അധിക തുക ഒഴിവാക്കിയ തിയറ്റർ ഉടമയ്ക്ക് ഭീഷണി. ഗിരിജ തിയറ്റർ ഉടമയായ വനിത ഡോക്ടറെയാണ് നവമാധ്യമങ്ങളിൽ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത്. വിഷയത്തിൽ ഇടപെടുമെന്ന് സിനിമ തിയേറ്ററുകളുടെ സംഘടന വ്യക്തമാക്കി. സൈബര്‍ സെല്ലിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെന്ന് പ്രിസഡന്റ്കെ. വിജയകുമാര്‍ അറിയിച്ചു. ഉടമയ്ക്കൊപ്പമെന്നും പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓൺലൈൻ സിനിമ ടിക്കറ്റ് ബുക്കിംഗ് സർവീസ് ചാർജ് തോന്നും പടിയാണ്. ഓൺലൈൻ ആപ്പ് വഴി ബുക്ക് ചെയ്താൽ അധിക തുക സർവീസ് ചാർജ് ആയി നൽകണം.
ഇത് ഒഴിവാക്കാൻ തൃശൂർ ഗിരിജ തിയറ്റർ സ്വന്തം നിലയ്ക്ക് ബുക്കിംഗ് ഓൺലൈൻ മുഖേന തുടങ്ങിയിരുന്നു. ഇതിനെതിരെ പല ഭാഗത്തു നിന്നും ഭീഷണി ഉയർന്നു. നവമാധ്യമങ്ങളിൽ ഗിരിജ തിയറ്റർ ഉടമയ ഒറ്റതിരിഞ്ഞ് ആക്രമിച്ചു. ഡോക്ടർ ഗിരിജ പൊലീസിന് പരാതി നൽകി. സ്വന്തം നിലയ്ക്ക് ഏത് തിയറ്ററും ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയാൽ പിന്തുണയ്ക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കി. ഗിരിജ തിയേറ്റർ ഉടമയെ നവമാധ്യമങ്ങളിൽ ഭീഷണിപ്പെടുത്തിയ പരാതിയിൽ പോലീസിന്റെ അന്വേഷണം തുടരുകയാണ്.