തിരുവനന്തപുരം: സൈബർ തട്ടിപ്പുകാർ കേരളത്തിൽ നിന്ന് ഒറ്റദിവസം ശരാശരി 85 ലക്ഷം രൂപ തട്ടിയെടുക്കുന്നതായി പോലീസിന്റെ കണക്കുകൾ. ഇങ്ങനെ പോയാൽ ഈ വർഷം മലയാളിയുടെ 300 കോടിയിലധികം രൂപ തട്ടിപ്പുകാർ കവർന്നെടുക്കുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2022 നും 2024 നും ഇടയിൽ, സൈബർ തട്ടിപ്പുകാർ കേരളത്തിൽ നിന്ന് 1,021 കോടി രൂപ തട്ടിയെടുത്തു, ഇതിൽ കഴിഞ്ഞ വർഷം മാത്രം 763 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് 2024 ൽ 41,426 പരാതികൾ രജിസ്റ്റർ ചെയ്തപ്പോൾ 2022 ലും 2023 ലും യഥാക്രമം 48 കോടിയും 210 കോടിയും മലയാളിക്ക് നഷ്ടമായി. ട്രേഡിങ് തട്ടിപ്പുകളിലാണ് അധികം പേരും ഇരയായതെന്ന് പോലീസ് കണക്കുകൾ പറയുന്നു.
തട്ടിപ്പുകൾ തടയുന്നതിന് പ്രതിരോധ നടപടികൾ ഉണ്ടായിരുന്നിട്ടും, സൈബർ കുറ്റവാളികൾ പുതിയ തരം തട്ടിപ്പുകളിലൂടെ ഇരകളെ വലയിൽ വീഴ്ത്തുന്നതായി കേരള പോലീസ് സൈബർ ഡിവിഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. നേരത്തെ, തൊഴിൽ തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, ഗെയിമിങ് തട്ടിപ്പുകൾ, പ്രണയ തട്ടിപ്പുകൾ തുടങ്ങിയവ വ്യാപകമായിരുന്നു. ഇപ്പോൾ ട്രേഡിങ് തട്ടിപ്പുകളിലാണ് കൂടുതൽ പേരും ഇരകളാകുന്നത്. തട്ടിപ്പിന് ഇരയാകുന്നവരിൽ പലരും ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ പ്രൊഫഷണലുകൾ ഉൾപ്പെടുന്ന ഉയർന്ന വരുമാനക്കാരാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ട്രേഡിങ് തട്ടിപ്പുകൾക്ക് ഇരയാകുന്നത്. വ്യാജ സ്ഥാപനങ്ങൾ വഴി നിക്ഷേപം നടത്തിയാണ് പലരും തട്ടിപ്പിന് ഇരയാകുന്നത്. വ്യാജ ട്രേഡിങ് ആപ്പുകൾ വഴി തട്ടിപ്പുകൾ നടക്കുന്നതായി ബോധവാൻമാരാണെങ്കിലും പലരും തട്ടിപ്പ് സംഘത്തിന്റെ വലയിൽ വീഴുന്നു. വിദേശത്ത് നിന്ന് പണം സ്വീകരിച്ച ചില ഹവാല റാക്കറ്റുകൾ ഇന്ത്യൻ അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുന്നതിനായി തട്ടിപ്പുകാരുടെ സഹായം തേടിയിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകാർ പണം കൈമാറിയ വ്യക്തി പറഞ്ഞ അക്കൗണ്ടുകളിലേക്ക് ഹവാല റാക്കറ്റുകൾക്ക് പണം കൈമാറി. പകരമായി, ഹവാല റാക്കറ്റുകൾ തട്ടിപ്പുകാർക്ക് ക്രിപ്റ്റോകറൻസിയിൽ പണം നൽകിയതായും കേസുകളുണ്ടായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം സമയമെടുക്കുന്നതും ചെലവേറിയതുമാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. കുറ്റവാളികൾ ഡാറ്റ എൻക്രിപ്റ്റ് ചെയ്യുന്ന വിപിഎന്നുകൾ ഉപയോഗിക്കുന്നതിനാൽ, അന്വേഷണം വെല്ലുവിളികൾ നിറഞ്ഞതാണ്. കുറ്റവാളികളെ തിരിച്ചറിഞ്ഞാലും, ഇവരെ അറസ്റ്റ് ചെയ്യാൻ പോലീസിന് മറ്റ് സംസ്ഥാനങ്ങളിൽ കുറഞ്ഞത് 10 ദിവസമെങ്കിലും അന്വേഷണം നടത്തണം. സംസ്ഥാന ഖജനാവിൽ നിന്നടക്കം വൻതുകകൾ ചിലവാക്കേണ്ട സാഹചര്യമാണുള്ളതും സൈബർ പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.