പത്തനംതിട്ട : എഴുനൂറിലധികം കിലോമീറ്ററുകള്‍ വട്ടത്തില്‍ ചവിട്ടി നീളത്തില്‍ ഓടി അവര്‍ പത്തനംതിട്ടയിലും എത്തി. മലപ്പുറം തിരൂര്‍ കടവത്ത് വീട്ടില്‍ നസിറുദ്ദീനും മണ്ണാര്‍ക്കാട് കുന്നത്തുപറമ്പില്‍ റെമീസിനും ഇതൊരു പുത്തന്‍ അനുഭവമാണ്. ഫെബ്രുവരി രണ്ടിന് കാസര്‍കോട് നിന്നും ഇരുവരും യാത്രതിരിച്ചതാണ് സൈക്കിളില്‍. ഇന്ന് കൊല്ലം ജില്ലയിലൂടെ സഞ്ചരിച്ച് നാളെ തിരുവനന്തപുരത്ത് എത്തി യാത്ര അവസാനിപ്പിക്കും.
ഇന്നലെ വൈകിട്ട് പത്തനംതിട്ടയില്‍ എത്തിയ ഈ സാഹസിക സഞ്ചാരികള്‍ക്ക് ആതിഥ്യമരുളിയത് കുമ്പഴ മുതലക്കുഴിയില്‍ സിദ്ധാർത്ഥും കുടുംബവുമാണ്. വാട്സ് ആപ്പിലെ സൈക്കിള്‍ റൈഡേഴ്സ് ഗ്രൂപ്പിലും ബൈക്ക് റൈഡേഴ്സ് ഗ്രൂപ്പിലും ഇവര്‍ സജീവമാണ്. ഓരോ സ്ഥലത്ത് എത്തുമ്പോഴും തങ്ങളുടെ ലൊക്കേഷന്‍ മാപ്പ് ഉള്‍പ്പെടെ ഇവര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും. ഇതുകണ്ട് സമീപത്തുള്ളവര്‍ ഇവരെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. ഒരു രാത്രിയിലെ പരിചയപ്പെടല്‍ ഒരു വലിയ ആത്മബന്ധത്തിന്റെ തുടക്കമാകുകയാണ്.
പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ അപ്രന്റിസ് ട്രെയിനിയാണ് ഇരുപത്തിയൊന്നു വയസ്സുള്ള റെമീസ്. തിരൂരിലെ സ്വകാര്യ മാളിലെ ജീവനക്കാരനാണ് ഇരുപത്തിരണ്ടുകാരനായ നസിറുദ്ദീന്‍. ചില പ്രത്യേക ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് ഇവരുടെ യാത്ര. കേരളത്തിലെ ഉള്‍ഗ്രാമങ്ങളും വിനോദസഞ്ചാര പ്രദേശങ്ങളും അടുത്തറിയുന്നതിനോടൊപ്പം കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുക എന്നതും ഇവരുടെ യാത്രാ ലക്ഷ്യമാണ്. ദേവാലയങ്ങളിലും ക്ലബ്ബുകളിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ ബോധവല്‍ക്കരണ സന്ദേശവും നല്‍കി ഇവര്‍ യാത്രയാകും… ലക്ഷ്യത്തിലേക്ക്.