കൊളംബോ: തടവുകാരില്‍ ചിലര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് ശ്രീലങ്കന്‍ ജയിലില്‍ കലാപം. കലാപത്തില്‍ എട്ട് തടവുകാര്‍ കൊല്ലപ്പെട്ടു. 37 പേര്‍ക്ക് പരിക്കേറ്റു. കൊളംബോയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള മഹാര ജയിലില്‍ ഞായറാഴ്ചയാണ് സംഭവം.
റിമാന്‍ഡ് തടവുകാരില്‍ ചിലര്‍ ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് കലാപത്തിലേക്ക് വഴിവെച്ചത്. 175 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തങ്ങളെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്ന് മഹാര ജയിലിലെ തടവുകാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജയിലുകളില്‍ കൂടുതല്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ തടവുകാര്‍ പ്രതിഷേധിച്ചിരുന്നു.
10,000 തടവുകാരെ മാത്രം ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള ലങ്കന്‍ ജയിലുകളില്‍ നിലവില്‍ 26,000ത്തിലധികം തടവുകാരാണ് തിങ്ങിപാര്‍ക്കുന്നത്. ഇ സാഹചര്യത്തിലാണ് തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമം നടത്തിയത്. ഈ നീക്കത്തെ ചെറുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നടപടി സ്വീകരിക്കേണ്ടി വരികയായിരുന്നുവെന്ന് പോലീസ് വക്താവ് അജിത്ത് രൊഹാന പറഞ്ഞു.
കലാപകാരികള്‍ ജയിലിനുള്ളിലെ അടുക്കളയും റെക്കോര്‍ഡ് മുറിയും അഗ്നിക്കിരയാക്കിയതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരെ ബന്ദികളാക്കി രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെടുത്തിയെന്നും കലാപത്തില്‍ പരിക്കേറ്റ രണ്ട് ജയില്‍ ജീവനക്കാരടക്കം 37 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.