ലഖ്നൗ : മോഷണക്കുറ്റം ആരോപിച്ച് ബി.ജെ.പി നേതാവും സംഘവും ദലിത് യുവാവിനെ ക്രൂരമായി മർദിച്ച് തലമുടി വടിച്ച് മുഖത്ത് കരി ഓയിൽ തേച്ചു. ബഹ്റൈച്ച് ജില്ലയിലെ ഹാർദി ഏരിയയിലാണ് സംഭവം. രാജേഷ് കുമാർ എന്ന യുവാവാണ് ക്രൂരതയ്ക്ക് ഇരയായത്. ഹാർദി പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് യൂറോപ്യൻ ക്ലോസറ്റ് സീറ്റ് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.
പ്രാദേശിക ബി.ജെ.പി നേതാവ് രാധേശ്യാം മിശ്രയും രണ്ട് സഹായികളും ചേർന്നാണ് 30കാരനായ രാജേഷ് കുമാറിനെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്. സംഭവത്തിൽ മിശ്രയുടെ സഹായികൾ രണ്ട് പേരും അറസ്റ്റിലായി. എന്നാൽ മിശ്ര ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഐ.പി.സിയിലെ ആക്രമണം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരവും കേസെടുത്തതായി പോലീസ് പറഞ്ഞു.