മൂവാറ്റുപുഴ: മഴയിലും കനത്ത കാറ്റിലും നാശം വിതച്ച ആയവന പഞ്ചായത്തില്‍ ദുരിതമനുഭവിക്കുന്ന മൂന്ന് കുടുംബങ്ങളുടെ വീടുകളുടെ പുനര്‍നിര്‍മ്മാണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് നിയമസഭ സ്ഥാനാര്‍ത്ഥി ഡോ.മാത്യു കുഴല്‍നാടന്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങള്‍ കഴിഞ്ഞ ദിവസം മാത്യു കുഴല്‍നാടന്‍ സന്ദര്‍ശിച്ചു.
ഏറ്റെടുക്കുന്ന വീടുകള്‍ക്ക് സഹായിക്കാന്‍ കഴിയാവുന്നവരുടെ സഹായം സ്വീകരിച്ചും സഹകരിപ്പിക്കാന്‍ കഴിയുന്നവരെ സഹായിച്ചും കുറവു വരുന്ന തുക നികത്തിയും നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ട് വേനല്‍ മഴയ്‌ക്കൊപ്പം ആഞ്ഞ് വീശിയ കാറ്റില്‍ ആയവന പഞ്ചായത്തില്‍ വന്‍ നാശ നഷ്ടമാണുണ്ടായത്. മഴയിലും കാറ്റിലും മരങ്ങള്‍ വീണ് 13ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ 9 വീടുകളുടെ മേല്‍ക്കൂരകളില്‍ മരം വീണ് വന്‍ നശിച്ചു. 3 വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും കാറ്റില്‍ പറന്നു പോയി. ഒന്നാം വാര്‍ഡിലെ പുന്നമറ്റത്ത് മാര്‍ക്കരയില്‍ വീട്ടില്‍ മേരി ഏലിയാസിന്റെ വീടാണ് പൂര്‍ണമായി തകര്‍ന്നത്.
അഞ്ചു വര്‍ഷത്തിന് മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ മകളെയും സുഖമില്ലാത്ത ഭര്‍തൃസഹോദരിയേയും പോറ്റാനായി ആക്രികടയില്‍ ദിവസ വേതനത്തിന് ജോലിനോക്കുകയാണ് മേരി. രണ്ടാം വാര്‍ഡിലെ കടുംപിടിയില്‍ കുന്നുംഭാഗത്ത് അമ്മിണി കുഞ്ഞപ്പന്റെ വീടും തകര്‍ന്നു. വിധവയായ മകളുമൊത്ത് തൊഴിലുറപ്പിനു പോയാണ് അമ്മിണി ജീവിക്കുന്നത്. ഈ വീടും പുനര്‍നിര്‍മ്മാണം നടത്തും.
14-ാം വാര്‍ഡിലെ തോട്ടഞ്ചേരി തൂക്കുപാലം കോളനിയിലെ മൂഴിക്കതണ്ടേല്‍ രാജന്റെ വീടും ഉപജീവന മാര്‍ഗമായിരുന്ന കടയും പൂര്‍ണമായി തകര്‍ന്നിരുന്നു. മൂന്നു വീടുകളുടേയും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഡോ. മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഒന്നാം വാര്‍ഡില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് അജീഷും, രണ്ടില്‍ പഞ്ചായത്ത് അംഗം ജയിംസുകുട്ടിയും പതിനാലില്‍ മുന്‍ പഞ്ചായത്ത് അംഗം വിന്‍സന്റ് ജോസഫും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.