മുക്കം : റോഡ് തകർന്ന് യാത്രാദുരിതമേറിയതോടെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കാൻ മുന്നിട്ടിറങ്ങി നഗരസഭാ ഉപാധ്യക്ഷയുംം സന്നദ്ധ പ്രവർത്തകരും. നഗരസഭയിലെ പ്രധാന പാതകളിലൊന്നായ മുക്കം – ചേന്ദമംഗലൂർ റോഡാണ് ഉപാധ്യക്ഷ കെ.പി ചാന്ദ്നിയും കുറ്റിപ്പാല കൈത്താങ്ങ് പ്രവർത്തകരും ചേർന്ന് താത്കാലികമായി ഗതാഗത യോഗ്യമാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഈ റോഡിൽ കുറ്റിപ്പാല മുതൽ ചേന്ദമംഗലൂർവരെ മിക്ക സ്ഥലങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ട് കാൽനടയാത്രപോലും ദുഷ്കരമായ അവസ്ഥയാണ്.
മഴ കനത്ത് കുഴികളിൽ വെള്ളം കെട്ടി നിന്ന് ആഴം മനസ്സിലാക്കാതെ അപകടങ്ങൾ പതിവായ സാഹചര്യത്തിലാണ് വാർഡ് കൗൺസിലർ കൂടിയായ ചാന്ദ്നി മുന്നിട്ടിറങ്ങിയത്. പിന്നാലെ കുറ്റിപ്പാല കൈത്താങ്ങ് പ്രവർത്തകരും എത്തിയതോടെ കുറ്റിപ്പാല മുതൽ കക്കടവത്ത് അമ്പലംവരെയുള്ള ഭാഗത്തെ കുഴികൾ അടച്ചു. റോഡ് നവീകരണത്തിന് ഫണ്ട് പാസായിട്ടുണ്ടെന്നും മഴ മാറിയാൽ പ്രവൃത്തി ആരംഭിക്കുമെന്നും ചാന്ദ്നി പറഞ്ഞു.
പ്രവൃത്തി തുടങ്ങുന്നതുവരെ താത്കാലിക ആശ്വാസമെന്ന നിലയ്ക്കാണ് ഇപ്പോൾ കുഴിയടച്ചതെന്നും അവർ പറഞ്ഞു. കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാലയങ്ങളും കലാലയങ്ങളും തുറന്നതോടെ നൂറുകണക്കിന് ആളുകളാണ് ദിവസേന ഇതുവഴി യാത്ര ചെയ്യുന്നത്. തീർത്തും യാത്ര ദുഷ്കരമായ റോഡിൽ താത്‌കാലികമായെങ്കിലും നടന്ന പ്രവൃത്തി യാത്രക്കാർക്ക് വലിയ ആശ്വാസമായി.