അടൂർ : കെ.പി.റോഡിൽ ഒരു അപകടക്കെണി ഉണ്ടായിട്ടും നടപടിയെടുക്കാതെ അധികൃതർ. കോട്ടമുകൾ ജംഗ്ഷനിലെ റോഡിനരികിലുള്ള സ്ലാബും അതോടൊപ്പമുള്ള കുഴിയുമാണ് വാഹനങ്ങൾക്ക് അപകടഭീഷണയായിട്ടുള്ളത്. ഈ ഭാഗത്തെ കുടിവെള്ളവിതരണ പൈപ്പിന്റെ വാൽവ് പ്രവർത്തനങ്ങൾ ഇടയ്ക്കിടെ ക്രമീകരിക്കുന്നതിനായാണ് സ്ലാബിട്ടത്. എന്നാൽ ഇപ്പോൾ ഈ സ്ലാബിനുമുകളിലൂടെ വാഹനങ്ങൾകയറി സമീപത്ത് ചെറിയ കുഴിയും രൂപപ്പെട്ടു. കൂടാതെ ഇത്രയും തിരക്കുള്ള റോഡിലെ വാൽവ് മാറ്റി സ്ഥാപിക്കാത്തതെന്താണെന്നുള്ള സംശയമാണ് നാട്ടുകാർക്കുള്ളത്. ഇടയ്ക്ക് ഈ സ്ലാബിനുമുകളിൽ ടാർചെയ്യാനുള്ള നീക്കത്തിന്റെ തെളിവും ഇവിടെ കാണാം.
2019-ൽ കോടികൾ മുടക്കിയുള്ള കെ.പി. റോഡുപണിയുടെ ഭാഗമായി ജലവിഭവ വകുപ്പ് കുടിവെള്ള വിതരണത്തിനായി പൈപ്പിട്ടിരുന്നു. തുടർന്ന് പൈപ്പിനിടയിൽ സ്ഥാപിച്ച വാൽവുകൾ മിക്കതും പൊട്ടി വെള്ളം പുറത്തേക്കുവരുകയും റോഡ് തകരുകയും ചെയ്തു. ഇതോടെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയതോടെ വിജിലൻസ് പരിശോധനയും നടന്നു. റോഡുപണിയിലെ അപാകമല്ല പൈപ്പ് ഇട്ടതിലെ പോരായ്മയാണ് റോഡ് തകരാൻ കാരണം. കൂടാതെ റോഡിനടിയിലെ വാൽവ് പൊട്ടുന്നതും പ്രശ്നത്തിന് കാരണമാണെന്നും വിജിലൻസ് കണ്ടെത്തി. പിന്നീട് കെ.പി.റോഡിലെ വാൽവുകളുടെ പ്രശ്നങ്ങൾ മാറ്റിയെങ്കിലും കോട്ടമുകളിലെ വാൽവ് മാത്രം റോഡിൽനിന്ന് മാറ്റാൻ അധികൃതർക്കായില്ല.