പാലക്കാട് : മലമ്പുഴയില്‍ ഡാം സൈറ്റിലിറക്കി വാഹനാഭ്യാസം നടത്തിയ യുട്യൂബര്‍ക്ക് 10,500 രൂപ പിഴ. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ആണ് യുവാവിനെ കണ്ടെത്തി പിഴയീടാക്കിയത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും നിയമം മറികടന്ന് വാഹനം രൂപമാറ്റം വരുത്തിയതിനുമാണ് പിഴ.
നാലു മാസം മുന്‍പ് മലമ്പുഴ കവയില്‍ നടത്തിയ ഈ അഭ്യാസപ്രകടനം ആരാധകരെക്കൂട്ടാനായിരുന്നു. പിന്തുടരുന്നവരുടെ എണ്ണം കൂടിയെങ്കിലും യുട്യൂബറുടെ നടപടി മോട്ടര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നു കണ്ടെത്തി. അമിതവേഗം, അനുവദനീയമല്ലാത്ത രീതിയില്‍ വാഹനത്തിന്റെ രൂപമാറ്റം, ബോധപൂര്‍വം അപകടമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ തെറ്റുകള്‍ കോഴിക്കോട് സ്വദേശിയായ യുട്യൂബര്‍ ചെയ്തെന്ന് മോട്ടര്‍ വാഹനവകുപ്പ് കണ്ടെത്തി.
പിന്നാലെ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ യുവാവിനെ കണ്ടെത്തി 10,500 രൂപ പിഴ ഈടാക്കുകയായിരുന്നു. സാഹസിക പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സഹിതം നല്‍കിയതിന് പിന്നാലെ പാലക്കാട്ടെ മോട്ടര്‍ വാഹനവകുപ്പും വാഹന ഉടമയെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിരുന്നു. നിരോധിത മേഖലയായ ഡാം സൈറ്റില്‍ അനുമതിയില്ലാതെ വാഹനമിറക്കിയതിന് യുവാവിനെതിരെ ജലവിഭവ വകുപ്പും പോലീസിനെ സമീപിക്കും. പരാതി കിട്ടിയാലുടന്‍ കേസെടുത്ത് യുട്യൂബറെ വിളിച്ച് വരുത്തുമെന്ന് മലമ്പുഴ പോലീസും അറിയിച്ചു.