തിരുവനന്തപുരം: ഈന്തപ്പഴം ഇറക്കുമതി സംബന്ധിച്ച് വിവരാവകാശനിയമപ്രകാരം കസ്റ്റംസിനോട് സംസ്ഥാന സര്‍ക്കാര്‍ വിവരം തേടിയത് സാക്ഷികളെ സ്വാധീനിക്കുകയെന്ന ഗൂഡലക്ഷ്യത്തോടെയാണെന്ന സംശയം ബലപ്പെടുന്നു.
എന്തായാലും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ആറ് ചോദ്യങ്ങള്‍ക്ക് തിരക്കിട്ട് മറുപടി നല്‍കേണ്ട എന്ന തീരുമാനത്തിലാണ് കസ്റ്റംസ്. ഇക്കാര്യത്തില്‍ അവര്‍ നിയമോപദേശം തേടിയിട്ടുണ്ട്. അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എ.പി. രാജീവനാണ് വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുന്നത്. ഒരു കേന്ദ്ര ഏജന്‍സിക്കെതിരെ ഒരു സംസ്ഥാന സര്‍ക്കാര്‍ ഓഫീസ് ഇത്തരത്തില്‍ വിവരങ്ങള്‍ തേടുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് പറയപ്പെടുന്നു.
അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ആര്‍ക്കൊക്കെ സമന്‍സ് അയച്ചിട്ടുണ്ടെന്നത് ഇതിലെ ഒരു ചോദ്യമാണ്. ഇത് സാക്ഷികള്‍, സമന്‍സ് ലഭിച്ചവര്‍ എന്നിവരെപ്പറ്റി അറിയാനും പിന്നീട് അവരെ സ്വാധീനിക്കാനും ഉള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇതുവഴി കസ്റ്റംസിന് ഭാവിയില്‍ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നതിന് തടയിടാനും സര്‍ക്കാരുമായി ബന്ധപ്പെട്ട ആരൊക്കെയോ ശ്രമിക്കുന്നുവെന്ന് വേണം കരുതാനെന്നും കസ്റ്റംസ് സംശയിക്കുന്നു.
കസ്റ്റംസ് പ്രിവന്‍റീവ് അസിസ്റ്റന്റ് കമ്മീഷണറോടാണ് ആറ് ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത്. ജനവരി 28ന് ചോദ്യാവലിയടങ്ങിയ അപേക്ഷ അയച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച സര്‍ക്കാരിന്റെ അപേക്ഷ ലഭിച്ചിട്ടിലെന്നും കസ്റ്റംസ് പറയുന്നു.
നേരത്തെ ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എ.പി. രാജീവനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കസ്റ്റംസ് ശാരീരികമായി ഉപദ്രവിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ യൂണിയനായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ (കെഎസ്‌ഇഎ) ഇക്കാര്യത്തില്‍ കസ്റ്റംസിനെതിരെ ഭീഷണി ഉയര്‍ത്തുക വരെ ചെയ്തിരുന്നു.