കൊല്ലം : ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ചുമതലയുള്ള വരണാധികാരികള്‍, തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അബ്ദുല്‍ നാസര്‍ അറിയിച്ചു. വരണാധികാരികളുമായി ഓണ്‍ലൈനില്‍ നടത്തിയ യോഗത്തിലാണ് നിര്‍ദ്ദേശം. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള ഒരു ഉദ്യോഗസ്ഥനും ക്വാറന്റയിനില്‍ പോകാന്‍ ഇടയില്ലാത്തവിധം സ്വയംസുരക്ഷ ഉറപ്പാക്കണം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന നവംബര്‍ 12 മുതല്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കാം.
ലഭിക്കുന്ന പത്രികകളില്‍ സമയം, തീയതി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. പത്രികകള്‍ സ്വീകരിക്കുന്ന ദിവസങ്ങളില്‍ ദിവസവും മൂന്നുമണിക്ക് നിശ്ചിതഫോറത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണ വേളയില്‍ വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ ഒറ്റ വാഹനം മാത്രമേ പ്രവേശിക്കാന്‍ അനുവാദം നല്‍കാവൂ. പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് മാത്രമാണ് വരണാധികാരിയുടെ കാര്യാലയത്തിനകത്ത് പ്രവേശനം നല്‍കാവൂ. പത്രികകളുടെ സൂക്ഷ്മ പരിശോധന വരണാധികാരി തന്നെ നടത്തണം. ആവശ്യമെങ്കില്‍ ഉപവരണാധികാരിയുടെ സഹായം അഭ്യര്‍ത്ഥിക്കാം.
തങ്ങളുടെ അധികാരപരിധിയിലുള്ള നിയോജകമണ്ഡലത്തിലെ പോളിംഗ് ബൂത്തുകള്‍ തിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണം. ഇലക്‌ട്രോണിക് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റും സ്‌ട്രോങ്ങ് റൂമുകള്‍ സജ്ജമാക്കണം. പെരുമാറ്റ ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അവയില്‍ നടപടി കൃത്യമായി സ്വീകരിക്കുകയും അത് സംബന്ധിച്ച റിപ്പോര്‍ട്ട് നോഡല്‍ ഓഫീസര്‍ക്ക് നല്‍കുകയും വേണം. ഗ്രാമ, ബ്ലോക്ക്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ തലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും സ്ഥാനാര്‍ത്ഥികളുടെ പട്ടിക ആവുന്ന സമയം സ്ഥാനാര്‍ഥികളുടെ യോഗവും നടത്തണമെന്നും കലക്ടര്‍ അറിയിച്ചു.