പത്തനംതിട്ട : ലോകമെങ്ങും കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ വിദേശ രാജ്യങ്ങളിൽപോലും പരീക്ഷകൾ മാറ്റിവെക്കുകയാണ്. എന്നാല്‍ ഇവിടെ സംസ്ഥാന സർക്കാർ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.
പി.എസ്.സി പരീക്ഷകൾ, ഇന്റർവ്യൂകൾ, സി.ബി.എസ്.ഇ പരീക്ഷകൾ അടക്കം മാറ്റിവെച്ചുകഴിഞ്ഞു. പരീക്ഷകൾ നിർത്തിവെയ്ക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ അതിനു കൂട്ടാക്കുന്നില്ല. വളരെ യാത്രാക്ലേശം അനുഭവിച്ചാണ് കുട്ടികൾ പരീക്ഷയ്ക്കായി സ്കൂളുകളിൽ എത്തുന്നത്. പ്രൈവറ്റ് ബസുകൾ നിലവിൽ മതിയായ ലാഭം ഇല്ലാത്തതുമൂലം സർവീസുകൾ നിർത്തിയിരിക്കുകയാണ്. സ്കൂൾ ബസുകളുടെ സർവീസും നിലവിൽ സ്കൂളുകൾ നിർത്തി വെച്ചിരിക്കുന്നു. കുട്ടികൾ കിലോമീറ്ററുകൾ താണ്ടി കഷ്ടപ്പെട്ട് വന്നു പൊതു പരീക്ഷകൾ എഴുതുന്നു. ശേഷം മണിക്കൂറുകളാണ് ബസിനു വേണ്ടി ബസ് സ്റ്റാന്റുകളിൽ കാത്തുനിൽക്കുന്നത്. കിട്ടുന്ന ബസിലോ കുത്തി നിറച്ചു യാത്ര ചെയ്യേണ്ടി വരുന്നു. രോഗ വ്യാപനം തടയാൻ നിർദേശങ്ങൾ കൊടുക്കുന്ന സർക്കാരും ആരോഗ്യവകുപ്പും ഈ അനാസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്.
കൊറോണ വൈറസിന്റെ സമൂഹ വ്യാപനംവരെ ആരംഭിച്ചിട്ടുണ്ടാകാമെന്നു വിദഗ്ദർ പറയുമ്പോഴും എസ്.എസ്.എൽ.സി, പ്ലസ്ടു കുട്ടികളുടെ കാര്യത്തിൽ സർക്കാർ അലംഭാവം കാട്ടുന്നു. ചെറിയ ഒരു പിഴവാണ് ഇന്ന് കേരളത്തിൽ ഈ മഹാമാരിയുടെ വിത്ത് വിതയ്ക്കപ്പെട്ടതിനു കാരണം തന്നെ. കുട്ടികൾ നാളെയുടെ ഭാവി വാഗ്ദാനങ്ങളാണ്. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര തീരുമാനം കൈക്കൊള്ളണമെന്നും ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.