പത്തനംതിട്ട : വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയ്ക്കും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കുമെതിരെ 2021 ഡിസംബര്‍ 27-ാം തീയതി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീ.ആന്‍റോ ആന്‍റണി എം.പി നയിക്കുന്ന ‘ജന ജാഗരന്‍ അഭിയാന്‍ ‘ പദയാത്ര സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. അടിക്കടി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുകയും പാചക – വാതക സബ്സിഡി എടുത്തുകളയുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഡ്യയിലെ ജനങ്ങളെ ദ്രോഹിക്കുകയാണ്. ഇന്‍ഡ്യയില്‍ വിലക്കയറ്റവും പണപ്പെരുപ്പവും, തൊഴിലില്ലായ്മയും മുമ്പെത്തെക്കാളും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇത് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
ഒരുവശത്ത് കേന്ദ്രസര്‍ക്കാര്‍ ഇത്തരം ജനദ്രോഹനടപികള്‍ തുടരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ടതിന് പകരം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഇന്ധനകൊള്ളക്ക് കൂട്ടുനില്‍ക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചിട്ടും ക്രിസ്തുമസ് കാലത്തുപോലും വിപണിയില്‍ ഇടപെട്ട് വിലകുറക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കോവിഡ് സാഹചര്യം മൂലം ദുരിതത്തിലായ ജനങ്ങള്‍ നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം മൂലം പൊറുതിമുട്ടിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
സാമ്പത്തിക തട്ടിപ്പുകാര്‍ക്ക് ജില്ലയില്‍ തഴച്ചുവളരുവാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ വേണ്ടത്ര അനുമതികൂടാതെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെങ്കില്‍ പോപ്പുലര്‍, തറയില്‍ ഫൈനാന്‍സ് എന്നിവയേപ്പോലെ ഇനിയും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് സാദ്ധ്യത വളരെയേറെയാണ്. അടിക്കടി ഉണ്ടാകുന്ന കൊലപാതകങ്ങള്‍, ഗുണ്ടാ ആക്രമണങ്ങള്‍ എന്നിവമൂലം സംസ്ഥാനത്തും ജില്ലയിലും ക്രമസമാധാനനില വഷളായിരിക്കുകയാണ്. ജില്ലയില്‍ ക്വാറി, മണ്ണ് മാഫിയകളും, ക്രിമിനല്‍, മയക്കുമരുന്ന് സംഘങ്ങളും സജീവമാണ്. കൊലപാതകങ്ങള്‍, സംശയകരമായ മരണങ്ങള്‍, വെച്ചൂച്ചിറയിലെ ജസ്നയുടേതുള്‍പ്പെടെയുള്ള വ്യക്തികളുടെ തിരോധാനങ്ങള്‍ എന്നിവയില്‍ ഫലപ്രദമായ അന്വേഷണം നടത്തുവാനോ തെളിയിക്കുവാനോ പോലീസിന് സാധിച്ചിട്ടില്ലെന്ന് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
‘ജന ജാഗരന്‍ അഭിയാന്‍ ‘ പദയാത്രയുടെ വിജയത്തിനായി ജില്ലാ, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്വാഗത സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും ജില്ലയിലെ 10 ബ്ലോക്ക് കമ്മിറ്റികളുടെ കീഴിലുള്ള 80 മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍, മുന്‍ ഡി.സി.സി ഭാരവാഹികള്‍, ഡി.സി.സി അംഗങ്ങള്‍, ബ്ലോക്ക് മണ്ഡലം പ്രസിഡന്‍റുമാര്‍, വാര്‍ഡ്, ബൂത്ത് യൂണിറ്റ് ഭാരവാഹികള്‍, സജീവ പ്രവര്‍ത്തകര്‍, പോഷക സംഘടനാ നേതാക്കള്‍ ഭാരവാഹികള്‍ എന്നിവര്‍ പദയാത്രയില്‍ അണിനിരക്കുമെന്ന് ഡി.സി.സി വൈസ് പ്രസിഡന്‍റ് എ.സുരേഷ് കുമാര്‍, സംഘടനാ ചുമതല വഹിക്കുന്ന ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിവര്‍ പറഞ്ഞു.