മൂലമറ്റം : മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്ററുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി രണ്ട് മാസം കൂടി നീളും. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ആറ് മാസ കാലയളവില്‍ പൂര്‍ത്തീകരിക്കേണ്ട അറ്റകുറ്റപ്പണിയാണ് സാങ്കേതിക കാരണങ്ങളാല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നത്. കല്‍ക്കരിക്ഷാമം മൂലം പുറം വൈദ്യുതിയില്‍ കുറവ് നേരിട്ടതും ഇടുക്കി ഡാമില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി ഉല്പാദനം പരമാവധിയില്‍ എത്തിക്കാന്‍ ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കേണ്ടി വന്നതുമാണ് വാര്‍ഷിക അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തടസ്സമായത്.
ഒന്ന്, മൂന്ന്, ആറ് ജനറേറ്ററുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണിയാണ് നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. രണ്ട്, നാല്, അഞ്ച് നമ്പര്‍ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിയാണ് പൂര്‍ത്തീകരിക്കാനുള്ളത്. വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയില്ലാത്ത ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഓരോ ജനറേറ്റര്‍ വീതം ഓരോ മാസം എന്ന നിലയില്‍ അറ്റകുറ്റപ്പണിക്ക് എടുക്കുകയാണ് പതിവ്. ഫെബ്രുവരി അവസാനത്തോടെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജനറേഷന് വിഭാഗം ഉദ്യോഗസ്ഥര്‍. 780 മെഗാവാട്ടാണ് മൂലമറ്റം നിലയത്തിലെ പരമാവധി വൈദ്യുതി ഉല്പാദന ശേഷി.130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് നിലയത്തിലുള്ളത്.