പത്തനംതിട്ട : കോന്നി എം.എല്‍.എ ശ്രീ. ജനീഷ് കുമാര്‍ കഴിഞ്ഞ കുറേ നാളുകളായി കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുനേരെ സീതത്തോട്ടിലും കോന്നിയുടെ വിവിധ മേഖലകളിലും അക്രമണം സംഘടിപ്പിച്ച് പ്രവര്‍ത്തകരെ നിര്‍വ്വീര്യമാക്കുവാനുള്ള ശ്രമം വിലപ്പോകില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം (മെയ് 5) സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനലിന് വേണ്ടി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന തണ്ണിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഷെമീര്‍ തടത്തിലിനേയും സഹോദരന്‍ ഷെമീന്‍ തടത്തിലിനേയും സീതത്തോട്ടിലെ ആങ്ങമൂഴിയില്‍ വച്ച് യാതൊരു പ്രകോപനവും കൂടാതെ പിതാവിന്റെ മുന്‍പില്‍ വെച്ച് സി.പി.എം ഗുണ്ടകളുടെ സഹായത്തോടെ ആക്രമിച്ച് പരുക്ക് ഏല്‍പ്പിച്ചതായി ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ഷെമീര്‍ തടത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷെമീര്‍ തടത്തില്‍ സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ എം.എല്‍.എ നടത്തിയ കോടികളുടെ അഴിമതി, ഭാര്യ ഉള്‍പ്പെടെയുള്ള ബന്ധുനിയമനം എന്നിവയെ ചോദ്യം ചെയ്യുകയും, കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിച്ചതിലും, കഴിഞ്ഞ ദിവസം നടന്ന സീതത്തോട് ക്ഷീര സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനലിനെ വിജയിപ്പിക്കുവാന്‍ നേതൃത്വം നല്‍കിയതിലും എം.എല്‍.എ ക്ക് ഉണ്ടായ വിരോധം മൂലമാണ് കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് വി. നായര്‍ക്കെതിരെ മാസങ്ങള്‍ക്ക് മുന്‍പ് ഇതേപോലെയുള്ള ആക്രമണം എം.എല്‍.എയുടെ ഭാഗത്തുനിന്നും ഉണ്ടായതായി ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ജില്ലയിലെ സീതത്തോട്, വടശ്ശേരിക്കര, കുമ്പളാംപൊയ്ക, കോന്നി, വകയാര്‍, ചന്ദനപ്പള്ളി, പറക്കോട്, സര്‍വ്വീസ് സഹകരണ ബാങ്കുകളിലും തിരുവല്ല, അടൂര്‍ അര്‍ബന്‍ സഹകരണ ബാങ്കുകളിലും ഏറ്റവും അവസാനം മൈലപ്രാ സര്‍വ്വീസ് സഹകരണ ബാങ്കിലും നടത്തിയ കോടികളുടെ തട്ടിപ്പിന് നേതൃത്വം നല്‍കുന്നത് സി.പി.എം നേതാക്കളാണെന്നത് പകല്‍ പോലെ വ്യക്തമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ എല്ലാ അഴിമതിക്കും സി.പി.എം ജില്ലാ നേതൃത്വം കൂട്ടുനില്‍ക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ആരോപിച്ചു.
മെയ് 7 ന് നടക്കുന്ന സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കിലെ കോണ്‍ഗ്രസ് വിജയം മുന്നില്‍ കണ്ട് എം.എല്‍.എ യുടെ അഴിമതിക്കെതിരെ സഹകാരികള്‍ വിധി എഴുതും എന്ന് മനസ്സലാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും കള്ളവോട്ട് ചെയ്തും തെരഞ്ഞെടുപ്പ് അട്ടിമറിക്കുവാനുള്ള നീക്കത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമണവും വെല്ലുവിളിയുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ഭരണത്തിന്റെ അഹന്തയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച് നിര്‍വീര്യമാക്കാമെന്നത് കോന്നി എ.എല്‍.എയുടെ വ്യാമോഹം മാത്രമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ച എം.എല്‍.എ ക്കെതിരെ കേസ് എടുത്ത് നിയമ നടപടിക്ക് വധേയമാക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
മെയ് 7 ന് നടക്കുന്ന സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് സുഗമമായും നിര്‍ഭയമായും വോട്ട് ചെയ്യുവാനുള്ള സാഹചര്യം ഒരുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. മലയോര പ്രദേശങ്ങളും ജനവാസ മേഖലകളുമായ ഏഴ് വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തിയുള്ള പി.എച്ച് കുര്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് നിയമിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷന്‍ ജനവാസ മേഖലകളെ ഒഴിവാക്കി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കി സംസ്ഥാന സര്‍ക്കാര്‍ അനുമതി വാങ്ങണമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. പി.എച്ച് കുര്യന്‍ കമ്മീഷന്‍ ഇപ്പോള്‍ ഇ.എസ്.ഐ യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം എന്നീ വില്ലേജുകള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളാണെന്നും ഇത് ഒഴിവാക്കുവാന്‍ നടപടിയില്ലെങ്കില്‍ ശക്തമായ സമരത്തിന് ഡി.സി.സി നേതൃത്വം നല്‍കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പത്രസമ്മേളനത്തില്‍ പങ്കെടുത്തു.