പത്തനംതിട്ട : ഇന്ത്യകണ്ട ഏറ്റവും മോശം കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോണ്‍ പറഞ്ഞു. അഴിമതിയുടെയും കള്ളക്കടത്തിന്‍റേയും സ്വജന പക്ഷപാതത്തിന്‍റെയും പേരില്‍ ഇതുപോലെ വിമര്‍ശിക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും ഇന്ത്യയിലുണ്ടായിട്ടില്ല. പിണറായി വിജയന് മുമ്പ് ഇഎംഎസ് മുതല്‍ 10 കമ്മ്യൂണിസ്റ്റ് മുഖ്യ മന്ത്രിമാരുണ്ടായിട്ടുണ്ടെങ്കിലും അവരാരും ഇതുപോലെ ജനമധ്യത്തില്‍ വിമര്‍ശിക്കപ്പെടുകയും അപഹാസ്യരാവുകയും ചെയ്തിട്ടില്ല. പിണറായി ഭരണത്തില്‍ സ്വര്‍ണ്ണ കടത്തിന്റെ വിവരങ്ങള്‍ ഒന്നായി ചുരുളഴിഞ്ഞുകൊണ്ടിരിക്കുകയാണ്. സ്വപ്നാ സുരേഷിന്റെ ഓരോ വെളിപ്പെടുത്തലുകളും ചാട്ടവാറടികള്‍ പോലെയാണ് ഒരോ സി.പി.എമ്മിന്റെയും പിണറായിയുടേയും മുതുകത്ത് വീഴുന്നത്.
ഷാര്‍ജ സുല്‍ത്താന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ നിശ്ചിത പരിപാടി അട്ടിമറിച്ചുകൊണ്ട് സ്വന്തം വീട്ടില്‍ കുടുംബാങ്ങള്‍ക്കൊപ്പം സ്വീകരണമൊരുക്കിയത് ഗുരുതരമായ വീഴ്ചയും പ്രോട്ടോക്കോള്‍ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വീഴ്ച കണ്ടെത്തിയിട്ടും മൂടിവെയ്ച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു രാഷ്ട്ര തലവനെ സ്വന്തം വിട്ടുകാര്യത്തിന് ഔദ്യോഗിക പരിപാടികള്‍ അട്ടിമറിച്ച് വിളിച്ചുകൊണ്ടുവന്ന പിണറായി വിജയന്‍റേയും സര്‍ക്കാരിന്റേയും പേരില്‍ ഒരു നടപടിയും എടുക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി തയാറാവാത്തത് ബി.ജെ.പി യും ഇടത് മുന്നണിയും തമ്മിലുള്ള അവിശുദ്ധ ബന്ധം കൊണ്ടാണെന്നും സി.പി ജോണ്‍ പറഞ്ഞു.
സ്വര്‍ണ്ണ, കറന്‍സി കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചുതകര്‍ത്ത എല്ലാവരെയും അറസ്റ്റ് ചെയ്യുക, വൈദ്യുതി ചാര്‍ജ്ജ് അന്യായമായി വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദ്യം ഉന്നയിച്ച പ്രതിപക്ഷത്തിന് മേല്‍ കുതിര കയറുവാനാണ് ശ്രമിച്ചതെന്ന് സി.പി ജോണ്‍ പറഞ്ഞു.
ഇന്ത്യയില്‍ വര്‍ഗ്ഗീയ ഫാസിസത്തിനെതിരായ പോരാട്ടം മുന്നില്‍ നിന്ന് നയിക്കുന്ന കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധയേയും അക്രമിക്കുന്ന സി.പി.എം സംഘപരിവാറിന്റെ അജണ്ടക്ക് കുടപിടിക്കുകയാണ്. ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്തുവാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ റ്റി തോമസ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, ബാബു ജോര്‍ജ്ജ്, പന്തളം സുധാകരന്‍, ജോസഫ് എം. പുതുശ്ശേരി, കെ.ഇ അബ്ദുള്‍ റഹ്മാന്‍, മാലേത്ത് സരളാദേവി, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, റ്റി.എം ഹമീദ്, ഡി.കെ ജോണ്‍, പ്രസന്നകുമാര്‍, സനോജ് മേമന, സുബിന്‍ തോമസ്, മലയാലപ്പുഴ ശ്രീകോമളന്‍, എന്‍.ഷൈലാജ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, മധു ചെമ്പംകുഴി, ശശിധരന്‍, ഇ.കെ ഗോപാലന്‍, വര്‍ഗ്ഗീസ് മാമ്മന്‍, എ.സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, തോപ്പില്‍ ഗോപകുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, കെ.ജാസിം കുട്ടി, കെ.ജയവര്‍മ്മ, സമദ് മേപ്രത്ത്, സജി കൊട്ടയ്ക്കാട്, എം.എസ് പ്രകാശ്, എം.എ നൈസാം എന്നിവര്‍ പ്രസംഗിച്ചു. അബാന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച കളക്ട്രേറ്റ് മാര്‍ച്ച് കളക്ട്രേറ്റിന് മുമ്പില്‍ പോലീസ് ബാരിക്കേട് വച്ച് തടഞ്ഞു. നൂറ് കണക്കിന് കോണ്‍ഗ്രസ് ഘടകകക്ഷി പൊതുപ്രവര്‍ത്തകര്‍ മാച്ചിലും തുടര്‍ന്ന് നടന്ന പൊതുയോഗത്തിലും പങ്കെടുത്തു.