പത്തനംതിട്ട : സംരക്ഷിത വന മേഖലയുടെ ഒരു കിലോമീറ്റര്‍ ദൂരം പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനം കൈക്കൊണ്ട് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയ പിണറായി സര്‍ക്കാരാണ് ഇപ്പോള്‍ ഉണ്ടായ സുപ്രീം കോടതി ഉത്തരവിന്റെ പ്രധാന കാരണക്കാരെന്നും ഭരണ ഘടനയെ തള്ളിപ്പറഞ്ഞ സജി ചെറിയാനെ ഇപ്പോഴും ന്യായീകരിച്ചുകൊണ്ടിരിക്കുന്നതും സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണെന്നും കെ.പി.സിസി ജനറല്‍ സെക്രട്ടറി പഴകുളം മധു പറഞ്ഞു. ബഫര്‍ സോണ്‍ സംബന്ധിച്ച ഡി.സി.സി യുടെ തുടര്‍ സമരങ്ങളെക്കുറിച്ചും കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ പൂര്‍ത്തീകരണത്തെക്കുറിച്ചും ആലോചിക്കുവാന്‍ ഡി.സി.സി നേതൃത്വത്തില്‍ ചേര്‍ന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഫര്‍ സോണ്‍ വിഷയത്തിലും മന്ത്രിയായിരുന്ന സജി ചെറിയാന്റെ ഭരണ ഘടനാ വിരുദ്ധ പ്രസംഗത്തിലും സി.പി.എം സ്വീകരിച്ചിരിക്കുന്ന നിലപാട് ജനങ്ങളെ കബളിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു. ഭരണ ഘടനയോട് അല്‍പ്പമെങ്കിലും കൂറ് സി.പി.എമ്മിന് ഉണ്ടെങ്കില്‍ സജി ചെറിയാനെക്കൊണ്ട് നിയമസഭാ അംഗത്വവും രാജിവെയ്പ്പിക്കുവാന്‍ തയ്യാറാകണമെന്ന് പഴകുളം മധു ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറി എന്‍.ഷൈലാജ്, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, സി.യു.സി ഇംപ്ലിമെന്റിംഗ് ഓഫീസര്‍ ജെസ്സി വര്‍ഗ്ഗീസ്, അസിസ്റ്റന്റ് ഇംപ്ലിമെന്റിംഗ് ഓഫീസര്‍ വിത്സണ്‍ തുണ്ടിയത്ത് എന്നിവര്‍ പ്രസംഗിച്ചു.
മലയോര മേഖലകളിലെ ജനങ്ങളെ ഏറ്റവും ദ്രോഹകരമായി ബാധിക്കുന്ന പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനും വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനും എതിരെ സമര പരിപാടികള്‍ ഊര്‍ജ്ജിതമാക്കുന്നതിനും, സി.യു.സി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു.