പത്തനംതിട്ട : യു.ഡി.എഫിന്‍റെ ബഹുജന അടിത്തറ വര്‍ദ്ധിപ്പിക്കുവാനും ക്രിയാത്മക പ്രതിപക്ഷ പ്രസ്ഥാനമായി മാറ്റാനുമുള്ള യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും (പഞ്ചയാത്ത് മുന്‍സിപ്പല്‍ തലം) കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കുകയാണ്. നിലവിലെ നിയേജക മണ്ഡലം കമ്മിറ്റികള്‍ക്ക് പുറമേയാണിത്. മണ്ഡലം ചെയര്‍മാന്‍ കോണ്‍ഗ്രസിനും, വൈസ് ചെയര്‍മാന്‍, കണ്‍വീനര്‍ പദവികള്‍ ഘടകകക്ഷികള്‍ക്കുമാണ് നിശ്ചയിച്ചിട്ടുള്ളത്. 25 അംഗ കമ്മിറ്റിയില്‍ ഓരോ പാര്‍ട്ടിയുടെയും പ്രാതിനിധ്യ എണ്ണം ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്.
പുന:സംഘടിപ്പിക്കപ്പെട്ട മണ്ഡലം കമ്മിറ്റികളുടേയും നിയോജക മണ്ഡലം കമ്മിറ്റികളുടേയും ജില്ലാ കമ്മിറ്റിയുടേയും സംയുക്ത ജില്ലാ കണ്‍വെന്‍ഷന്‍ നവംബര്‍ മാസം 25 -ാം തീയതി രാവിലെ 10 മണിക്ക് തിരുവല്ല ബിലീവിയേഴ്സ് ആഡിറ്റോറിയത്തില്‍ പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി സതീശന്‍ (യു.ഡി.എഫ് സംസ്ഥാന ചെയര്‍മാന്‍) ഉദ്ഘാടനം ചെയ്യും. ഘടക കക്ഷികളുടെ സംസ്ഥാന നേതാക്കളും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനും പങ്കെടുക്കുമെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍ അറിയിച്ചു.