പത്തനംതിട്ട : ജില്ലയിലെ 1084 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനുവരി 26 ചൊവ്വാഴ്ച മൂന്ന് മണിക്ക് അതാത് ബൂത്ത് കേന്ദ്രങ്ങളില്‍ നടക്കും. കെ.പി.സി.സി യുടെ നിര്‍ദ്ദേശാനുസരണം സംസ്ഥാനത്തെ മുഴുവന്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളും പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ ബൂത്ത് കമ്മിറ്റികളും നാളെ യോഗം ചേരുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.
പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ബൂത്ത് ഭാരവാഹികളുടെ നേതൃത്വത്തില്‍ ജനുവരി 27 മുതല്‍ 31 വരെയുള്ള തീയതികളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തും. മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന്റെ 74-ാം സ്മൃതി ദിനമായ ജനുവരി 30 ന് ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അന്നേ ദിവസം ഗാന്ധി സ്മൃതി യാത്ര നടത്തും. കെ.പി.സി.സി യുടെ നൂറാം ജന്മദിനമായ അന്ന് ഓരോ മണ്ഡലത്തിലും 100 പ്രവര്‍ത്തകര്‍ പദയാത്രയില്‍ പങ്കെടുക്കും.
രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, ആന്റോ ആന്റണി എം.പി, അടൂര്‍ പ്രകാശ് എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, അഡ്വ. പഴകുളം മധു, മുന്‍. ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറിമാരായ സതീഷ് കൊച്ചുപറമ്പില്‍, എന്‍. ഷൈലാജ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, മാലേത്ത് സരളാദേവി, യു.ഡി.എഫ് കണ്‍വീനര്‍ എ.ഷംസുദ്ദീന്‍ എന്നിവര്‍ ഗാന്ധി സ്മൃതിയാത്ര വിവിധ സ്ഥലങ്ങളില്‍ ഉദ്ഘാടനം ചെയ്യും.