പത്തനംതിട്ട : ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ ആക്രമിച്ചു കേടുപാടുകള്‍ വരുത്തിയ മൈലപ്രാ മേക്കൊഴൂര്‍ ഋഷികേഷ ക്ഷേത്രത്തില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിവര്‍ സന്ദര്‍ശനം നടത്തി. ക്ഷേത്ര ഭാരവാഹികള്‍, ആക്രമണത്തില്‍ പരുക്ക് സംഭവിച്ച കഴകം ജീവനക്കാരന്‍ എന്നിവരോട് സംഭവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. ആക്രമണം നടത്തി ക്ഷേത്ര സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ക്ഷേത്രത്തിലെ കഴകക്കാരനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.
ഡി.സി.സി നിര്‍വാഹക സമിതി അംഗം അബ്ദുള്‍കലാം ആസാദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് വില്‍സണ്‍ തുണ്ടിയത്ത്, നേതാക്കളായ മാത്യു തോമസ്, ആര്‍. പ്രകാശ്, എല്‍സി ഈശോ, ജെസി വര്‍ഗീസ്, എസ്. സുനില്‍കുമാര്‍, ഷിജു മേക്കൊഴൂര്‍, ജയകൃഷ്ണന്‍ കെ, സി.എസ്. തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മുന്നറിയിപ്പ് നല്‍കി.