തിരുവനന്തപുരം : ചെന്നിത്തലയ്ക്കുള്ള പരിഗണന കുറച്ചു ഉമ്മന്‍ചാണ്ടിക്കു നേട്ടം ഡി.സി.സി അധ്യക്ഷന്‍മാരുടെ അന്തിമ പട്ടിക കൈമാറി. ഡി.സി.സി അധ്യക്ഷന്‍മാരെ ഇന്നറിയാം. അന്തിമ പട്ടിക കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. രമേശ് ചെന്നിത്തലക്ക് കനത്ത നഷ്ടമുണ്ടായപ്പോള്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ മറ്റ് നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചു. പട്ടികയില്‍ ദലിത്, വനിതാ പ്രതിനിധ്യമില്ല. ഡി.സി.സി അധ്യക്ഷ പട്ടികയില്‍ തിരുവനന്തപുരം, ഇടുക്കി, കോട്ടയം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് അവസാന നിമിഷം മാറ്റം വന്നത്.
തിരുവനന്തപുരത്ത് പാലോട് രവിയുടെ രംഗപ്രവേശം അപ്രതീക്ഷിതമായി. കോഴിക്കോട് ഡി.സി.സി നഷ്ടപ്പെട്ടതില്‍ അമര്‍ഷത്തിലായിരുന്ന എ ഗ്രൂപ്പിന് തിരുവനന്തപുരത്ത് നേട്ടം. കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷ് നിര്‍ദേശിച്ച രാജേന്ദ്ര പ്രസാദ് ഡി.സി.സി അധ്യക്ഷനാകും. പത്തനംതിട്ടയില്‍ പി.ജെ കുര്യന്‍ നിര്‍ദേശിച്ച സതീഷ് കൊച്ചുപറമ്പിലിന് നറുക്ക് വീണപ്പോള്‍ ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥന്‍ ബാബു പ്രസാദിനെ വെട്ടി. പകരം കെ സി വേണുഗോപാലിന്റെ നോമിനി കെ.പി ശ്രീകുമാര്‍ ഡി.സി.സി അധ്യക്ഷനാക്കും. ഇടുക്കിയില്‍ എസ്.അശോകനെ പരിഗണിച്ചത് മാത്രമാണ് രമേശ് ചെന്നിത്തലക്ക് നേട്ടം.
കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റവും സാമുദായിക പരിഗണനയും ഫില്‍സന്‍ മാത്യൂസിനു അനുകൂലമായി. എറണാകുളം മുഹമ്മദ് ഷിയാസ്, തൃശൂര്‍ ജോസ് വളളൂര്‍, പാലക്കാട് എ.തങ്കപ്പന്‍, കോഴിക്കോട് കെ.പ്രവീണ്‍ കുമാര്‍, മലപ്പുറം വി.എസ് ജോയ്, കണ്ണൂര്‍ മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍കോട് പി.കെ ഫൈസല്‍ എന്നിവര്‍ ഡി.സി.സി അധ്യക്ഷന്മാരാകും. വയനാട് മുതിര്‍ന്ന നേതാവ് എന്‍.ഡി അപ്പച്ചന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയയാണ് പട്ടികയില്‍ ഇടം പിടിച്ചത്.