പത്തനംതിട്ട : മനുഷ്യരാശിയെ പ്രതിസന്ധിയിലാക്കിയ കോവിഡ് മഹാമാരിയെപ്പോലും രാഷ്ട്രീയ പ്രചരണ ആയുധമാക്കിയ, ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ പിണറായി സര്‍ക്കാരാണ് കേരളത്തില്‍ വികസന കാഹളം മുഴക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. സര്‍ക്കാരിന്റെ 4-ാം വാര്‍ഷിക ദിനത്തില്‍ കെ.പി.സി.സി ആഹ്വാന പ്രകാരം ജില്ലയിലെ 1140 കേന്ദ്രങ്ങളില്‍ നടന്ന ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കളക്ട്രേറ്റിനു മുന്‍പില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലകളിലെയും പരാജയം കോവിഡിലൂടെ മറച്ചുപിടിച്ച് കോവിഡിലൂടെ പിടിച്ചുകയറാനാകുമോയെന്ന ഗവേഷണമാണ് സര്‍ക്കാര്‍ നടത്തുന്നത്.
സംസ്ഥാനം ഭരിച്ച 21 സര്‍ക്കാരുകളും അശ്രാന്ത പരിശ്രമത്തിലൂടെ നേടിയെടുത്ത അരോഗ്യരംഗത്തെ പുരോഗതിയാണ് കോവിഡിനെ പ്രതിരോധിക്കുന്നതിന് കേരളത്തിന് താങ്ങായി മാറിയതെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു. ഇതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ ഇഛാശക്തിയും കൂടിചേര്‍ന്നപ്പോഴാണ് രാജഭരണം മുതല്‍ നമുക്കുണ്ടായ നേട്ടത്തെ ഉപയോഗപ്രദമാക്കാന്‍ സാധിച്ചത്. അല്ലാതെ ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെയും പിണറായിയുടെയും മായാജാലമൊന്നുമല്ല ഇപ്പോള്‍ നടക്കുന്നതെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.
ഭരണകക്ഷിയെ പിന്‍താങ്ങുന്ന അഞ്ച് എം.എല്‍.എ മാര്‍ ജില്ലയില്‍ നിന്നും അസംബ്ലിയില്‍ ഉണ്ടായിട്ടും കഴിഞ്ഞ നാല് വര്‍ഷക്കാലമായി കാര്യമായി യാതൊരു വികസന നേട്ടവും പത്തനംതിട്ട ജില്ലക്കായി നേടിയെടുക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബാബു ജോര്‍ജ്ജ് കുറ്റപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച കോന്നി മെഡിക്കല്‍ കോളേജ്, പൊന്‍കുന്നം-പുനലൂര്‍ കെ.എസ്.റ്റി.പി റോഡ് എന്നിവ പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തത് എം.എല്‍.എ മാരുടെ കഴിവുകേടും കെടുകാര്യസ്ഥതയും മൂലമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കോവിഡ് പ്രതിസന്ധി അവസാനിക്കുന്നതുമുതല്‍ ജില്ലയുടെ വികസന മുരടിപ്പിനും ഭരണ സ്തംഭനത്തിനുമെതിരെ ശക്തമായി ഡി.സി.സി നേതൃത്വത്തില്‍ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു.
പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. എ. സുരേഷ് കുമാര്‍, അഡ്വ. വെട്ടൂര്‍ ജ്യോതി പ്രസാദ്, അനില്‍ തോമസ്, ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്‍റ് എ. ഷംസുദ്ദീന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ജോണ്‍സണ്‍ വിളവിനാല്‍, എം.സി ഷെറീഫ്, ഐ.എന്‍.റ്റി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ ഇക്ബാല്‍, ബ്ലോക്ക് ഭാരവാഹികളായ അജിത് മണ്ണില്‍, എ. ഫറൂഖ്, ഷാനവാസ് പെരിങ്ങമല, നാസര്‍ തോണ്ടമണ്ണില്‍, ബിനോജ് തെന്നാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
മല്ലപ്പള്ളിയില്‍ പ്രൊഫ. പി.ജെ കുര്യന്‍, കോന്നിയില്‍ ആന്റോ ആന്‍റണി, പുല്ലാട് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍, അടൂരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, ചിറ്റാറില്‍ പി. മോഹന്‍രാജ്, കടപ്രയില്‍ സതീഷ് കൊച്ചുപറമ്പില്‍, ആറന്മുളയില്‍ മാലേത്ത് സരളാ ദേവി എന്നിവരും മറ്റ് പ്രധാന കേന്ദ്രങ്ങളില്‍ ഡി.സി.സി ഭാരവാഹികളായ കെ.കെ റോയ്സണ്‍, റിങ്കു ചെറിയാന്‍, റ്റി.കെ സാജു, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, വി. ആര്‍ സോജി, സുനില്‍ എസ് ലാല്‍, ഏഴംകുളം അജു, സതീഷ് ചാത്തങ്കേരി, ലിജു ജോര്‍ജ്ജ്, എം.ജി കണ്ണന്‍, കെ.എന്‍. അച്ചുതന്‍, എലിസബത്ത് അബു, അഷമ്മദ് ഷാ, സതീഷ് പണിക്കര്‍, ജി രഘുനാഥ്, ബിജു വര്‍ഗ്ഗീസ്, റജി പൂവത്തൂര്‍, എസ്. ബിനു, ഹരികുമാര്‍ പൂതങ്കര, എന്‍.സി മനോജ്, സുനില്‍ പുല്ലാട്, ലാലു ജോണ്‍, അഡ്വ. ഷാം കുരുവിള, റജി തോമസ്, സജി കൊട്ടയ്ക്കാട് എന്നിവരും ഉദ്ഘാടനം ചെയ്തു.