പത്തനംതിട്ട : കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന ഉപവാസ സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ച് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പത്തനംതിട്ട ഡി.സി.സി യില്‍ അനുഭാവ സത്യാഗ്രഹം നടത്തി. പ്രൊഫ പി. ജെ കുര്യന്‍ അനുഭാവ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.
അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ അന്ധമായ കോണ്‍ഗ്രസ് വിരോധംമൂലം ബി.ജെ.പി യോടൊപ്പം വി.പി സിംങ് പ്രധാനമന്ത്രിയാകാന്‍ പിന്‍തുണ നല്‍കി 2 എം.പി മാരുണ്ടായിരുന്ന ബി.ജെ.പി യെ ദേശീയ തലത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ അശ്രാന്ത പരിശ്രമം നടത്തിയ സി.പി.എമ്മിനെ വെള്ളപൂശാനുള്ള പരിശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നടത്തിയതെന്നും ഇത് ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതിന് തുല്യമാണെന്നും രാജ്യസഭാ മുന്‍ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു.
അഴിമതികളും സ്വജനപക്ഷപാതവും ജനവഞ്ചനയും മുഖമുദ്രയാക്കിയ പിണറായി സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികത നഷ്ടമായതായി പി.ജെ കുര്യന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക സംഘത്തിന്റെ ആസ്ഥാനമായി മാറിയ ലജ്ജാകരമായ കാഴ്ചകളാണ് ദിനംപ്രതി കണ്ടുവരുന്നത്.
എല്ലാ കുറ്റവും ഒരു ശിവശങ്കരന്റെ മാത്രം തലയില്‍ കെട്ടിവച്ച് തലയൂരാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണ്.
സംസ്ഥാനത്ത് കണ്‍സള്‍ട്ടന്‍സി രാജിലൂടെ കോടികളുടെ അഴിമതി നടത്താമെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ തെളിയിച്ചതിന്റെ അവസാനത്തെ ഉദാഹരണമാണ് പാവപ്പെട്ടവന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫ് മിഷന്‍ അഴിമതിയെന്നും പി.ജെ കുര്യന്‍ ആരോപിച്ചു.
ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, അഡ്വ. പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ. എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, റിങ്കു ചെറിയാന്‍, ജനറല്‍ സെക്രട്ടറിമാരായ വി.ആര്‍ സോജി, എം.ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ജോണ്‍സണ്‍ വിളവിനാല്‍, റെജി തോമസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ്, അനില്‍ കെ. വര്‍ഗ്ഗീസ്, റെനീസ് മുഹമ്മദ്, സജി അലക്‌സാണ്ടര്‍, തട്ടയില്‍ ഹരികുമാര്‍, എസ്. നഹാസ് എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനങ്ങള്‍ ഏറ്റെടുത്ത ഒരു അവിശ്വാസ പ്രമേയ ചര്‍ച്ച നിയമസഭയില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ക്രമക്കേട് പിന്‍ വാതില്‍ നിയമനം, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ എന്നിവയാണ് ഈ ഗവണ്‍മെന്റിന്റെ മുഖ മുദ്രയെന്നും അദ്ദേഹം പറഞ്ഞു.